@ സമഗ്ര ശിക്ഷാ കേരള 2.8 കോടി അനുവദിച്ചു
കോഴിക്കോട് : ജില്ലയിലെ 28 പ്രീ പ്രൈമറി സ്‌കൂളുകൾ കൂടി ഈ വർഷം അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി സമഗ്ര ശിക്ഷാ കേരള 2.8 കോടി രൂപ അനുവദിച്ചു. ഒരു സ്‌കൂളിന് 10 ലക്ഷം രൂപ വീതം ലഭിക്കും. കഴിഞ്ഞവർഷം ജില്ലയിൽ മൂന്ന് സ്‌കൂളുകൾക്ക് 15 ലക്ഷം വീതവും 14 സ്‌കൂളുകൾക്ക് 10 ലക്ഷം വീതവും 12 സ്‌കൂളുകൾക്ക് 95000 രൂപ വീതവും അനുവദിച്ചിരുന്നു. മുഴുവൻ സ്‌കൂളുകളിലും പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുകയും മുഴുവൻ പ്രീ-പ്രൈമറികളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്നതാണ് സമഗ്രശിക്ഷാ കേരളയുടെ ലക്ഷ്യം.
ഔട്ട് ഡോർ പ്ലേ ഏരിയ, പെർഫോമൻസ് ഏരിയ, ബ്ലോക്ക് ഏരിയ, സയൻസ് ഏരിയ, ലിറ്റററി ഏരിയ, മാത്‌സ് ഏരിയ, ആർട്ട് ഏരിയ, ഗ്രീൻ ഏരിയ, മ്യൂസിക് ഏരിയ, സെൻസറി ഏരിയ, കമ്പ്യൂട്ടർ ഏരിയ എന്നിവ ഒരുക്കും. കൂടാതെ ശിശുസൗഹൃദ ഇരിപ്പിടങ്ങൾ, വർണാഭമായ ക്ലാസ് മുറി എന്നിവയും തയ്യാറാക്കും. പ്രീ-സ്‌കൂൾ കെട്ടിടം, കളിയിടങ്ങൾ, പ്രവർത്തന ഇടങ്ങൾ എന്നിവ ഭിന്നശേഷി സൗഹൃദമാക്കും. കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് ഊന്നൽ നൽകി 'കളിയാണ് രീതി, സ്‌നേഹമാണ് ഭാഷ' എന്ന ലക്ഷ്യവുമായി 'വർണക്കൂടാരം' പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്.
"കണ്ടും കേട്ടും അനുഭവിച്ചും കുട്ടികൾ പ്രാഥമിക ഘട്ടത്തിൽ നേടേണ്ട ശേഷികൾ കൈവരിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. കൂടുതൽ ഇടങ്ങളിൽ അതിനുള്ള സൗകര്യം ഒരുങ്ങുകയാണ്. " ഡോ.എ.കെ.അബ്ദുൾ ഹക്കീം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ, സമഗ്ര ശിക്ഷാ കേരള.