 
വടകര: തൊഴിലുറപ്പ് പദ്ധതിയിൽ കാർഷികമേഖലയ്ക്ക് മുൻഗണന നൽകി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് തൊഴിലുറപ്പ് ഗ്രാമസഭ ആവശ്യപ്പെട്ടു. കൃഷിക്ക് നിലമൊരുക്കൽ, കാർഷിക നഴ്സറി എന്നിങ്ങനെ കാർഷികമേഖലയിൽ ചില പ്രവൃത്തികൾ മാത്രമേ നിലവിൽ പദ്ധതിയിലൂടെ ചെയ്യാൻ കഴിയൂ. സ്വകാര്യഭൂമിയിലും തരിശുനിലങ്ങളിലും കാർഷിക പ്രവൃത്തികൾക്ക് മുൻഗണന നൽകണം. വാർഡ് മെമ്പർ പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവർസിയർ സൽമ പദ്ധതികൾ വിശദീകരിച്ചു. ബീജ സ്വാഗതം പറഞ്ഞു. നൂറുദിനം പ്രവൃത്തി പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു.