 
കോഴിക്കോട്: ആവശ്യത്തിന് സംരക്ഷണ ഭിത്തിയൊരുക്കാതെ ആറുവരിയാക്കൽ 'ആഘോഷ'മാക്കിയതോടെ അപകടക്കെണിയായി ദേശീയപാത വികസനം. ഇന്നലെ വേങ്ങേരി ജംഗ്ഷന് സമീപം ടാങ്കർ ലോറി ഗർത്തത്തിലേക്ക് മറിയാത്തത് ഭാഗ്യംകൊണ്ടുമാത്രം. പുലർച്ചെ രണ്ടുമണിക്ക് മംഗലാപുരത്ത് നിന്ന് ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി റോഡിലെ ആഴമുള്ള കുഴിയിലേക്ക് ചെരിയുകയായിരുന്നു. നിറയെ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി ഒരടികൂടി മുന്നോട്ടുനീങ്ങിയിരുന്നെങ്കിൽ വൻ ദുരന്തമുണ്ടായേനെ. രണ്ടുമണിക്ക് അപകടം നടന്നിട്ടും ലോറി ഡ്രൈവറോ ഉടമയോ പൊലീസിനെ അറിയിച്ചില്ലെന്നതാണ് കൗതുകം. രാവിലെ അതുവഴി വന്ന ട്രാഫിക് പൊലീസ് അറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് ലോറിയിൽ നിന്ന് സിലിണ്ടറുകൾ നീക്കുകയും ലോറി ഉയർത്തുകയും ചെയ്തത്. രാമനാട്ടുകര ഇടിമൂഴിക്കൽ മുതൽ വെങ്ങളം വരെയുള്ള ഭാഗങ്ങളിൽ പലസ്ഥലങ്ങളിലായി റോഡിന്റെ ഇരുവശങ്ങളും കുഴിച്ചാണ് പുതിയ റോഡ് നിർമാണം പുരോഗമിക്കുന്നത്. നിർമാണം തുടങ്ങി ഒരു വർഷത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് ഈ ഭാഗങ്ങളിൽ ഉണ്ടായത്. നിരവധി ജീവനുകളും പൊലിഞ്ഞു. പ്രതിഷേധം ശക്തമായതോടെ അപകട സാദ്ധ്യതാ മേഖലകളിൽ നിർമാണകമ്പനി ഇരുമ്പ് ഗേറ്റുകൾ സ്ഥാപിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. ഇന്നലെ അപകടമുണ്ടായ വേങ്ങേരി ഭാഗത്ത് പതിനഞ്ചടിയോളം താഴ്ചയിലാണ് റോഡ് നിർമാണം. ഇവിടെ ജംഗ്ഷൻ കഴിഞ്ഞുവരുന്ന വാഹനങ്ങൾ ചെറുതായൊന്ന് തെന്നിയാൽ വലിയ ഗർത്തത്തിലേക്കാണ് പതിക്കുക.