drug
ലഹരി മാഫിയ

കോഴിക്കോട്: ലഹരിക്കടിമയായ യുവാവ് മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ

അന്വേഷണം ലഹരി മാഫിയയിലേക്ക്. പ്രതിയായ ഷെെനിന് ലഹരി എത്തിച്ചു നൽകിയവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഏതൊക്ക മയക്കുമരുന്ന് സംഘങ്ങളിൽ ഇയാൾ കണ്ണിയായിട്ടുണ്ട്, ഇയാൾ വിൽപ്പന നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.

നടക്കാവ് ഇൻസ്‌പെക്ടർ കെ.ജിജീഷ്, സബ് ഇൻസ്പെക്ടർ കെെലാസ് നാഥ് തുടങ്ങിയവരാണ് കേസ് അന്വഷിക്കുന്നത്. അതേസമയം, പൊലീസ് വെടിവെച്ച സംഭവത്തിൽ അസ്വഭാവികതയില്ലെന്നും ഷെെനിന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായും സിറ്റി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ.ഉമേഷ് പറഞ്ഞു. വെടിവെച്ച എരഞ്ഞിപ്പാലത്തെ ക്യാപ്റ്റൻ വിക്രം റോഡിലെ വാടകവീട്ടിൽ കഴിഞ്ഞ ദിവസം ഫൊറൻസിക്, സയന്റിഫിക് വിദഗ്ദ്ധരും പരിശോധന നടത്തിയിരുന്നു.

ചേളന്നൂർ കണ്ണങ്കര സ്വദേശി ഷൈൻ കുമാറിനെയാണ് എരഞ്ഞിപ്പാലം ക്യാപ്റ്റൻ വിക്രം റോഡിലെ വാടകവീട്ടിൽ നിന്ന് നടക്കാവ് പൊലീസ് സാഹസികമായി പിടികൂടിയത്. മകന്റെ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് ഷാജി, മാതാവ് ബിജി എന്നിവർ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ മാറ്റമുണ്ട്. അടുത്ത ദിവസം തന്നെ ആശുപത്രി വിടാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ലഹരിയ്ക്കടിമയായ യുവാവ് മാതാപിതാക്കളെ കുത്തിപരിക്കേൽപ്പിച്ചത്. വീട്ടിലും പരിസരത്തുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷ് മുറിക്കുള്ളിൽ രണ്ടുതവണ വെടിവെച്ചാണ് കീഴടക്കിയത്. പ്രതിയെ കീഴടക്കുന്നതിനിടെ പൊലീസിന് ഷോക്കേൽക്കുകയും നടക്കാവ് എസ്.ഐയുടെ കൈയ്യിൽ പോറലേൽക്കുകയും ചെയ്തു. മുമ്പും രണ്ട് കുത്തുകേസിൽ പ്രതിയാണ് ഷൈൻ. മുമ്പും ഇയാൾ വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.