 
@ നഗരം നെഞ്ചേറ്റിയ പദ്ധതി
കോഴിക്കോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവെച്ച അക്ഷയപാത്രം പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യമുയരുന്നു. നഗരത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ജനമൈത്രി പൊലീസും തെരുവിന്റെ മക്കൾ ചാരിറ്റബിൾ സൊസൈറ്റിയുംവിവിധ സംഘടനകളും ചേർന്നാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണി വരെ കൗണ്ടറിൽ നിന്ന് സൗജന്യഭക്ഷണം നൽകുന്നതായിരുന്നു പദ്ധതി. കുടിവെള്ളവും ഇരുന്ന് കഴിക്കുന്നതിനുള്ള സൗകര്യവുമുണ്ടായിരുന്നു. സ്‌പോൺസർമാരിൽ നിന്ന് ഭക്ഷണം സ്വീകരിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. ഭക്ഷണം ഇരുന്നുകഴിക്കാനായി 20 സീറ്റുള്ള ഹാൾ കൗണ്ടറിനു പിന്നിലുണ്ട്.
2020 ജനുവരി ഒന്നിനാണ് സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചത്. പാവമണി റോഡിൽ പൊലീസ് ക്ലബിനടുത്ത് പൊലീസ് ഡോർമെറ്ററിക്ക് സമീപമാണ് ഭക്ഷണ കൗണ്ടറുള്ളത്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ അടച്ച കൗണ്ടർ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. പൊലീസ് കാന്റീനിൽ നിന്നും കുടുംബശ്രീ വഴിയും ഭക്ഷണം എത്തിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കൊവിഡ് കാലത്ത് തെരുവിൽ കഴിയുന്ന നിരവധി പേരെ പുനരധിവസിപ്പിച്ചിരുന്നു. ഇതോടെ തെരുവിൽ കഴിയുന്നവരുടെ എണ്ണം നഗരത്തിൽ വലിയ തോതിൽ കുറഞ്ഞു. ജില്ലയിൽ നടപ്പാക്കുന്ന ഉദയം പോലുള്ള പദ്ധതികൾ വലിയ വിജയമാണ് കൈവരിച്ചത്.
കോഴിക്കോട് നഗരം അഭിമാനത്തോടെ നോക്കിക്കണ്ട പദ്ധതി കുറേ കൂടി വിപുലമാക്കണമെന്നും നഗരത്തിലെത്തുന്ന, ഭക്ഷണം കഴിക്കാൻ പണമില്ലാത്തവർക്കും കൂടി ഉപകാരപ്പെടുന്ന തരത്തിലേക്ക് മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്. മുമ്പ് ഓപ്പറേഷൻ സുലൈമാനി പോലുള്ള പദ്ധതികൾ ആരംഭിച്ചിരുന്നെങ്കിലും വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.
" തെരുവിൽ കഴിയുന്നവർക്ക് മാത്രമല്ല നഗരത്തിലെത്തുന്ന പണമില്ലാത്തവർക്കും ഭക്ഷണം നൽകിയിരുന്ന അക്ഷയപാത്രം പദ്ധതി പുനരാരംഭിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്. ജില്ലയിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായി തെരുവിൽ കഴിയുന്നവരുടെ എണ്ണം വലിയതോതിൽ കുറഞ്ഞെങ്കിലും ഒരുനേരത്തെ ഭക്ഷണം കഴിക്കാനുള്ള പണമില്ലാത്തത് കൊണ്ട് പട്ടിണിയിലാവുന്നവർക്ക് പദ്ധതി ആശ്വാസമാകും"
മുഹമ്മദ് സലീം വട്ടക്കിണർ
(തെരുവിന്റെ മക്കൾ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്)