 
കോഴിക്കോട് : യു.എച്ച്.ടി മിൽക്കിന്റെ ( ആൾട്ര ഹൈ ടെമ്പറേച്ചർ മിൽക്ക്) വിപണി സജീവമാക്കാൻ മിൽമ. ഇതിന്റെ ഭാഗമായി പത്ത് യു.എച്ച്.ടി മിൽക്ക് വിതരണ വണ്ടികൾ മിൽമ പുറത്തിറക്കി. പെരിങ്ങളത്തെ മലബാർ മിൽമ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ.എസ്.മണി ഫ്ലാഗ് ഓഫ് ചെയ്തു. മാനേജിംഗ് ഡയറക്ടർ ഡോ. പി. മുരളി, ജനറൽ മാനേജർമാരായ കെ.സി. ജെയിംസ്, മാർക്കറ്റിംഗ് മാനേജർ സജീഷ്.എം എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ പ്രേംലാൽ, മിൽമ ഫെഡറേഷൻ മാർക്കറ്റിംഗ് മാനേജർ ഗോപകുമാർ എന്നിവർ സന്നിഹിതരായിരുന്നു
ഉപഭോക്താവിന് ഏറെ ഗുണപ്രദവും ദീർഘകാലം കേടു കൂടാതെ സൂക്ഷിക്കാവുന്നതുമാണ് യു.എച്ച്.ടി മിൽക്ക്. 90 ദിവസം വരെ സാധാരണ ഊഷ്മാവിൽ കേടുവരില്ല. രാസവസ്തുക്കൾ ഒന്നും ചേർക്കാതെയാണ് നിർമാണം. 140 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി അണുവിമുക്തമാക്കിയ ശേഷം തണുപ്പിച്ച് അഞ്ച് ലെയർ പാക്കിംഗിലാണ് യു.എച്ച്.ടി മിൽക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. മിൽയുടെ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം ഡെയറിയിലാണ് യു.എച്ച്.ടി മിൽക്ക് നിർമിക്കുന്നത്.