 
കോഴിക്കോട്: കോരിച്ചൊരിയുന്ന മഴയിൽ രാഘവൻമാസ്റ്ററുടെ ഗാനങ്ങൾ പെയ്തിറങ്ങിയപ്പോൾ സ്വയം മറന്ന് ആസ്വാദകർ. സംഗീതമേ ജീവിതം ഫൗണ്ടേഷൻ ഇന്നലെ ടൗൺഹാളിൽ 'ശ്യാമ സുന്ദര പുഷ്പമേ' ഗാന വിരുന്നൊരുക്കിയാണ് കെ.രാഘവൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചത്.
രാഘവൻ മാസ്റ്ററുടെ എക്കാലത്തെയും ഹിറ്റുകളൊന്നായ കായലരികത്ത് വലയെറിഞ്ഞപ്പോൾ എന്ന ഗാനം മാസ്റ്ററുടെ മകൻ ആർ. കനകാംബരൻ പാടിയാണ് ഗാനാഞ്ജലിയ്ക്ക് തുടക്കമിട്ടത്. തുടർന്ന് മഞ്ജുഭാഷിണി മണിയറവീണയിൽ ഗാനവുമായി ചലച്ചിത്ര പിന്നണി ഗായകൻ വിശ്വൻ, മാനത്തെ കായലിൽ ഗാനവുമായി കെ.കെ.സാജനും, അസീസ് അഹദോന്റെ എന്ന ഗാനവും പാടിക്കഴിയുമ്പോഴേക്കും ടൗൺ ഹാളിൽ തിങ്ങി നിറഞ്ഞ ആസ്വദകർ പാട്ടിന്റെ ഒരു കാലഘട്ടത്തിലെ ഓർമ്മകളിൽ അലിഞ്ഞ് ചേർന്നിരുന്നു. നിസരി സോളമൻ നാദാപുരം പള്ളിയിലെ .... എന്ന പാട്ട് പാടിക്കഴിയുമ്പോൾ നിലയ്ക്കാത്ത കൈയടികൾ .
കിളിവാതിലിൽ മുട്ടി വിളിച്ചത്, കരിമുകിൽ കാട്ടിലെ തുടങ്ങി, എല്ലാരും ചൊല്ലണ്, ,ഓത്തുപള്ളീലന്ന് നമ്മൾ തുടങ്ങിയ പാട്ടുകളെല്ലാം ആസ്വാദകമനം നിറച്ചു. അപ്പോളും പറഞ്ഞില്ലെ ഗാനം പാടിയാണ് ഗാനാഞ്ജലി അവസാനിപ്പിച്ചത്.
പാട്ടിന്റെ ഇടവേളകളിൽ റേഡിയോ ആർട്ടിസ്റ്റ് ഗീതാദേവി വാസുദേവൻ, ആർ.കനകാംബരൻ, എഴുത്തുകാരി മീനാക്ഷി , ഓടക്കുഴൽ വാദകൻ ഫ്രാൻസിസ് രാജു എന്നിവർ രാഘവൻ മാസ്റ്ററുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഗാനാഞ്ജലിയിൽ കീ ബോർഡ് ഹരിദാസ് , ഗിറ്റാർ ഇ.കെ സോമൻ , തബല സന്തോഷ്, ഓടക്കുഴൽ ഫ്രാൻസിസ് രാജു , റിഥം പാഡ് അസീസ്, ബേസ് ഗിറ്റാർ റിനിൽ എന്നിവർ പിന്നണിയിൽ അണിനിരന്നു. സംഗീതമേ ജീവിതം ഫൗണ്ടേഷൻ ഡയറക്ടർമാരായ അഡ്വ. അബ്ദുൽ അസീസ്, കെ കെ സാജൻ എന്നിവർ പ്രസംഗിച്ചു.