മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ നടപ്പാക്കുന്ന 'ഉയരെ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർ, പ്രധാനാദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തി ശിൽപ്പശാല നടത്തി. മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ തയ്യാറാക്കൽ, ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനവും പ്ലേസ്‌മന്റും നൽകൽ, തെരഞ്ഞെടുത്ത സ്‌കൂളുകളെ മാതൃകാ വിദ്യാലയങ്ങളാക്കി ഉയർത്തൽ, നവീന സാങ്കേതിക വിദ്യകൾ ചെറുപ്പത്തിലേ കുട്ടികളിൽ എത്തിക്കൽ, വിഷയാടിസ്ഥാന ഓപ്പൺ ലേണിംഗ് പാർക്കുകൾ, ലാബുകളുടെ ശാക്തീകരണ പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. എം.എൽ.എ ഫണ്ട്, സ്‌പോൺസർഷിപ്പ്, സർക്കാർ ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തും. ശിൽപ്പശാല ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഓംകാരനാഥൻ അദ്ധ്യക്ഷത വഹിച്ചു. പി.സഫറുള്ള ക്ലാസെടുത്തു. മെഹറലി, കെ.സി. ഹാഷിദ്, സക്കീർ ഹുസൈൻ, സന്തോഷ് മൂത്തേടം,സജി ജോൺ,എച്ച്.എം ഫോറം കൺവീനർ അഗസ്റ്റിൻ ജോർജ്, ടി.പി രാജീവ്, ദേവസ്യ എന്നിവർ പ്രസംഗിച്ചു.