
@ ഒഴിപ്പിച്ചത് 37 കൈയേറ്റങ്ങൾ
@ ആകെ- 97, സ്റ്റേയുള്ളത് 60
കോഴിക്കോട് : കല്ലായി പുഴയോരത്തെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി പൂർത്തിയായി. സ്റ്റേ ഇല്ലാത്ത കസബ, വളയനാട്, നഗരം വില്ലേജ് പരിധിയിലെ 37 കൈയേറ്റങ്ങളാണ് പൂർണമായി ഒഴിപ്പിച്ചത്. ഈ മാസം 25നകം മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. നഗരം വില്ലേജ് പരിധിയിലെ രണ്ട് കെട്ടിടങ്ങളാണ് ഇന്നലെ പൊളിച്ചു നീക്കിയത്. കസബ, വളയനാട് വില്ലേജ് ഓഫീസ് പരിധിയിലെ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
മൂന്ന് വില്ലേജുകളിലായി 97 കൈയേറ്റങ്ങളാണുണ്ടായിരുന്നത്.
ബാക്കിയുള്ള 60 കൈയേറ്റങ്ങളിൽ ഉടമകൾ സ്റ്റേ ഓർഡർ വാങ്ങിയതിനാൽ ഒഴിപ്പിക്കൽ നടന്നില്ല.
കസബ വില്ലേജിൽ അനധികൃതമായി കൈയേറിയതും കെട്ടിടങ്ങളുള്ളതുമായ 19 കേസുകളിൽ ആറ് കെട്ടിടങ്ങൾ ആദ്യ ദിവസം ഒഴിപ്പിച്ചു. പുഴയോരത്ത് നാലു പേർ കൈയേറിയ സ്ഥലവും ഒഴിപ്പിച്ചു. സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും ചേർന്ന് കാടുപിടിച്ച് കിടന്ന അഞ്ച് സ്ഥലം പിറ്റേ ദിവസം വിശദമായ പരിശോധനയ്ക്ക് ശേഷം തീർപ്പാക്കി. ഇവിടെ നാല് കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ കെട്ടിട ഉടമകൾ സ്റ്റേ വാങ്ങിയിട്ടുണ്ട്. വളയനാട് വില്ലേജിൽ അഞ്ച് അനധികൃത കെട്ടിടങ്ങൾ കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. 28 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.