@ഇതുവരെ നൽകിയത്- 3500
@ഇനി നൽകാനുള്ളത്- 250
കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിൽ ഇനി കുടിവെള്ളത്തിന് ക്ഷാമമുണ്ടാകില്ല. കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഒരു ഗ്രാമ പഞ്ചായത്ത് 3401 വാട്ടർ കണക്ഷനാണ് നൽകേണ്ടെന്നിരിക്കെ 3500 കണക്ഷനുകൾ നൽകിയതിന് ശേഷം 250 ത്തോളം കണക്ഷനുകൾ തുടർന്നും നൽകാനുള്ള ശ്രമത്തിലാണ് ഗ്രാമ പഞ്ചായത്ത്. സംസ്ഥാന സർക്കാർ ബഡ്ജറ്റ് വിഹിതത്തിൽ ഉൾപെടുത്തിയ 18 കോടി രൂപയും ജലജീവൻ മിഷന്റെ 6 കോടി 61 ലക്ഷം രൂപയും ചേർത്ത് 24 കോടി 61 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.
പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിലായി 3300 ൽ അധികം കുടിവെള്ള കണക്ഷനാണ് പൂർത്തിയാവുന്നത്. വീടുകൾക്ക് പുറമെ 20 അങ്കണവാടികൾ , 11 സ്കൂളുകൾഎന്നിവയ്ക്കും പദ്ധതി പ്രയോജനപ്പെടും. അപേക്ഷ നൽകിയതിലെ ബാക്കിയായ അൻപതോളം പേർക്ക് കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസ് (സ്റ്റാർസ് ) സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.
എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ കുടിവെള്ള ക്ഷാമം അനുഭവപെടുന്ന ആർക്കും പദ്ധതിയിൽ അംഗമാകാം.
2000 ത്തിൽ കെ.കെ ലതിക പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന സമയത്ത് ലോകബാങ്ക് സഹായത്തോടെ ജല നിധി പദ്ധതി നടപ്പിലാക്കാൻ അന്നത്തെ സർക്കാർ പൈലറ്റ് പ്രൊജക്റ്റ് നടപ്പിലാക്കാൻ തിരഞ്ഞെടുത്തത് കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിനെ യായിരുന്നു. തുടർ പരിപാടി എന്ന നിലയിലാണ് പുതിയ ജലജീവൻ പദ്ധതി. ഗ്രാമീണ കുടുംബങ്ങൾക്കും 450 രൂപ ഗുണഭോക്തൃവിഹിതം അടച്ചു പുതിയ വാട്ടർ കണക്ഷൻ എടുക്കാവുന്നതാണ്. മധുകുന്നിലെ മുപ്പത്തിയഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പ്രദേശവാസികളായ രണ്ട് പേർ സൗജന്യമായി ഭൂമി നൽകുകയും പമ്പ് ഹൗസും പത്തായിരം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കും അനുബന്ധ നിർമ്മാണ പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞു.നിലവിൽ കായക്കൊടി പഞ്ചായത്തിൽ സ്ഥാപിച്ചിരിക്കുന്ന 8.6 ലക്ഷം ലിറ്റർ വെള്ളം സംഭരണ ശേഷിയുള്ള ടാങ്കിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ഉൾപെടെയുള്ള ഭാഗങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്ന് പരിഹരിക്കുന്നത്. അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണന ക്രമമനുസരിച്ച് വാട്ടർ കണക്ഷൻ ലഭിക്കും.കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫീസിനെയോ വാർഡ് മെമ്പറേയോ സമീപിച്ച് അപേക്ഷ നൽകാം
പദ്ധതിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും മാർഗ നിർദ്ദേശങ്ങൾക്കും പദ്ധതിയുടെ നോഡൽ ഏജൻസിയായ വാട്ടർ അതോറിറ്റിയുടെ പഞ്ചായത്തിന്റെ ചുമതലയുള്ള അധികാരികളുമായി ബന്ധപെടാം-
വി.കെ റീത്ത, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,
വി.വിജിലേഷ് ,വൈസ് പ്രസിഡന്റ്