deepavali
ദീ​പാ​വ​ലി​ ​വി​പ​ണി​യി​ലേ​യ്ക്കാ​യി​ ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ലെ​ ​ക​ട​യിൽ ​മ​ധു​രം ഒ​രു​ക്കുന്നു

കോഴിക്കോട്: പച്ചയും ചുവപ്പും മഞ്ഞയും പായ്ക്കറ്റുകളിൽ കൊതിയൂറും മധുര പലഹാരങ്ങളുമായി ദീപാവലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഉത്തരേന്ത്യക്കാരുടെ വൈവിദ്ധ്യമാർന്ന മധുര പലഹാരങ്ങൾ തന്നെയാണ് ഇത്തവണയും വിപണിയിൽ താരങ്ങൾ. സോന, തരിപ്പാക്ക്, മണി ഗൂന്തി, പിസ്ത, ജിലേബി, ബർഫി, പേഡ, ലഡു, മിൽക്ക് പേഡ, മൈസൂർപാക്ക്, സ്വീറ്റ് ബാദുഷ, റവ ലഡു, ജാംഗ്‌റി, പിസ്തപേട, സ്വീറ്റ് പേട തുടങ്ങിയ ഇനങ്ങളെല്ലാം മധുരക്കടകളിൽ നിറഞ്ഞിട്ടുണ്ട്. വഴിയോരങ്ങളിലും സ്റ്റാളുകൾ നിറഞ്ഞുകഴിഞ്ഞു.

ഓർഡിനറി വിഭവങ്ങളായ മൈസൂർ പാക്ക്, ലഡു, ജിലേബി, ഹൽവ, ഗീവട, പാൽ കേക്ക് തുടങ്ങിയ 15 ഓളം മധുര പലഹാരങ്ങൾ അടങ്ങിയ മധുരപ്പെട്ടിയ്ക്ക് കിലോ 250 മുതലാണ് വില. ഇനങ്ങൾ കൂടുന്നതിന് അനുസരിച്ച് വിലയും കൂടും. അതേ സമയം പല കടകളിലും പല തരത്തിലാണ് മിഠായിയുടെ വില. രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മധുര പാചകക്കാർ നഗരത്തിലെത്തിയിട്ടുണ്ട്. നാടൻ മിഠായികളിലെ ചേരുവകളിൽ നിന്ന് ഏറെ വ്യത്യസ്തമായി പാചകത്തിന് പാലും നെയ്യും പഞ്ചസാരയും കൂടുതൽ ഉപയോഗിക്കുന്നതാണ് ഇവരുടെ പ്രത്യേകത.

പാലുത്പന്നങ്ങൾ മാത്രമുള്ള ഇത്തരം പാക്കറ്റുകള്‍ക്ക് വിലയും കൂടും. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കോവ മില്‍ക്ക് കലാകന്ദ് മില്‍ക്ക് എന്നിവക്ക് കിലോക്ക് 480 രൂപയാണ് വില. ഇത്തവണ ചെറുകിട കച്ചവടക്കാര്‍ മിഠായികളെടുക്കുന്നതും കൂടിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നഷ്ടമായ കച്ചവടം ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.