human
മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട് : ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയെ സ്‌കൂൾ കാന്റീൻ ജീവനക്കാരൻ മോഷണം ആരോപിച്ച് മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ടോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശിച്ചു. കാന്റീനിൽ നിന്ന് മിഠായി വാങ്ങി വരുമ്പോഴാണ് ജീവനക്കാരനായ സജി മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിയിൽ പറയുന്നു. ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പേരിന് കേസെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. കേസ് നവംബർ 29 ന് കോഴിക്കോട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. പിതാവിന്റെ മരണശേഷം രണ്ടാനമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മക്കളുടെ നടപടിക്കെതിരെയും കമ്മിഷൻ കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ ചന്ദ്രന്റെ രണ്ടാം ഭാര്യ വളയനാട് സ്വദേശി ശോഭന നൽകിയ പരാതിയിലാണ് നടപടി. മെഡിക്കൽ കോളേജ് പൊലീസ് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് നവംബർ 29ന് പരിഗണിക്കും.