കുറ്റ്യാടി: 16 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കുറ്റ്യാടി - കൈപ്രം കടവ് റോഡ് നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം.കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും റോഡ് വികസന സമിതി അംഗങ്ങളുടെയും യോഗത്തിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 12 കി.മി റോഡ് 10 മീറ്റർ വീതിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിക്കുന്നത്. സ്ഥലം ഉടമകളിൽ ഭൂരിഭാഗവും ഭൂമി വിട്ടു നൽകാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ മനോജൻ, സബീന, പി.ഡബ്ല്യു.ഡി എക്സികുട്ടീവ് എൻജിനിയർ അബ്ദുൾ ഗഫൂർ, റോഡ് വികസന അംഗങ്ങളായ സി.എൻ ബാലകൃഷ്ണൻ, പി.വത്സൻ, പി.സി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.