kerosine
kerosine

കോഴിക്കോട്: ദിനംപ്രതി കുതിക്കുന്ന മണ്ണണ്ണ വില വർദ്ധനവിൽ തകർന്നടിഞ്ഞ് മത്സ്യതൊഴിലാളികൾ. മാസങ്ങൾക്ക് മുമ്പ് 80-86 രൂപയ്ക്ക് മത്സ്യഫെഡിന്റെ പമ്പുകൾ വഴി വിതരണം ചെയ്ത മണ്ണെണ്ണ ഇപ്പോൾ 124 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. വിലവർദ്ധനവിന് അനുസൃതമായ മാറ്റം സബ്‌സിഡിയിൽ വരുത്താത്തതും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി. നിലവിൽ സബ് സിഡിയായി തൊഴിലാളികൾക്ക് ലഭിക്കുന്നത് വെറും 25രൂപ മാത്രമാണ്. 2014ൽ മണ്ണെണ്ണയ്ക്ക് 50 രൂപയായിരുന്നപ്പോൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 25 രൂപ സബ്സിഡിയാണ് ഇപ്പോഴും ലഭിക്കുന്നത്. സബ്സിഡി വർദ്ധിപ്പിക്കാൻ തയ്യാറാകുന്നില്ലെന്നു മാത്രമല്ല നാലു മാസത്തെ തുകയും കുടിശ്ശികയാണ്.

മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നത് ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളുടെ കാരിയറുകളുമാണ്. നിലവിൽ വലിയ യാനങ്ങൾക്ക്‌ പ്രതിദിനം കുറഞ്ഞത് 100-120 ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. പ്രതിമാസം 3000-3600 ലിറ്റർ. 9.9 ലിറ്റർ കുതിരശക്തിയുള എൻജിൻ പെർമിറ്റുള്ള വളളങ്ങൾക്ക് ഒരു മണിക്കൂറിന് 8 ലിറ്റർ മണ്ണണ്ണ ആവശ്യമാണ്. ചെറിയ മീൻപിടുത്ത വള്ളങ്ങൾക്ക് പോലും പ്രതിമാസം 500-700 ലിറ്ററിലധികം മണ്ണണ്ണ ആവശ്യമായി വരുന്ന സാഹചര്യത്തിൽ എൻജിൻ പവറിന്റെ അടിസ്ഥാനത്തിൽ പരമ്പരാഗത വള്ളങ്ങൾക്ക് 140, 190 ലിറ്റർ മണ്ണെണ്ണ മാത്രമാണ് പ്രതിമാസം മത്സ്യഫെഡ് വഴി ലഭിക്കുന്നത്. ഇതിന് സബ്സിഡി ഉണ്ടെങ്കിലും ആദ്യം മുഴുവൻ പണവും നൽകി വാങ്ങണം. പിന്നീടാണ് അക്കൗണ്ടിൽ സബ്സിഡി തുക എത്തുകയുള്ളൂ.

മത്സ്യഫെഡിന്റെ ബങ്കുകളിൽനിന്ന് മുഴുവൻ പണവും നൽകി മണ്ണെണ്ണ വാങ്ങാൻ കഴിയാത്ത നിരവധി മത്സ്യത്തൊഴിലാളികളുണ്ട്. ഇവർക്ക് ലഭിക്കേണ്ട മണ്ണെണ്ണ കരിഞ്ചന്തക്കാർ കൊണ്ടുപോകുകയാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. വള്ളങ്ങളുടെ പെർമിറ്റ് പുതുക്കി നൽകിയതിന് ശേഷമുള്ള സിവിൽ സപ്ലൈസ് വഴിയുള്ള നീല മണ്ണെണ്ണയുടെ വിതരണവും ആറുമാസമായി മുടങ്ങിയിരിക്കുകയാണ്. ഇതോടെ കരിഞ്ചന്തയിൽ നിന്നും അമിതവിലയ്ക്ക് മണ്ണെണ്ണ വാങ്ങിയാണ് പലരും കടലിൽ പോകുന്നത്. മാത്രമല്ല ഉയർന്ന വില നൽകി മണ്ണെണ്ണ വാങ്ങി കടലിൽ പോയാൽ അതിനുള്ള വരുമാനം കിട്ടില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നു പറയുന്നുണ്ടെങ്കിലും കുറഞ്ഞവിലയ്ക്ക് മണ്ണെണ്ണ നൽകാൻ സംസ്ഥാനം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് മത്സ്യതൊഴിലാളികൾ ആരോപിക്കുന്നത്. ജില്ലയിൽ 2000ത്തോളം എൻജിൻ വള്ളങ്ങളും 150 ഓളം പെട്രാൾ വള്ളങ്ങളുമാണ് നിലവിലുള്ളത്.

'' മണ്ണെണ്ണ എൻജിനുകളിൽ പ്രവർത്തിക്കുന്ന യാനങ്ങൾ പെട്രാൾ ,​ ഡീസലിലേക്ക് മാറിയാലേ മത്സ്യതൊഴിലാളികൾക്ക് രക്ഷയുള്ളൂ. മണ്ണണ്ണ എൻജിനുള്ള ഒരു വള്ളത്തിന് 1 മണിക്കൂറിന് 8 ലിറ്റർ മണ്ണെണ്ണയാണ് വേണ്ടി വരുന്നത്. അത് പെട്രാളിലേക്കോ ഡീസലിലേക്കോ മാറുമ്പോൾ മണിക്കൂറിന് രണ്ടര ലിറ്റർ മാത്രമേ ആവശ്യം വരുകയുള്ളൂ. ഇതിനായി 90 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ടന്നറിയുന്നു. അത് എത്രയും പെട്ടെന്നുതന്നെ പ്രാവർത്തികമാക്കണം''

കരിച്ചാലി പ്രേമൻ,

സംസ്ഥാന പ്രസിഡന്റ്

ആൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്രേഴ്സ് അസോസിയേഷൻ