മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് കുന്നേരിയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കാരശ്ശേരി കുടുംബരോഗ്യ കേന്ദ്രത്തിന്റെയും കാരശ്ശേരി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരനും സഹോദരനും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സമീപ പ്രദേശങ്ങളിൽ പനി, വയറിളക്ക രോഗലക്ഷണമുള്ളവരെ കണ്ടെത്താൻ സർവേയും കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷനും തുടങ്ങി. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ചന്ദ്രൻ, സുധ, പഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട്ട്, ആശാ വർക്കർ എം.ദേവി എന്നിവർ നേതൃത്വം നൽകി. പനി,വയറിളക്കം എന്നിവ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും കിണറുകൾ ക്ലോറിനേഷൻ നടത്തുകയും ചെയ്യണമെന്നും മെഡിക്കൽ ഓഫീസർ പി സജ്‌ന, പഞ്ചായത്ത് പ്രസിഡന്റ്‌ വി.പി സ്മിത എന്നിവർ അറിയിച്ചു.