tttttttttt
ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം സ്വന്തമാക്കിയ കോഴിക്കോട് സായി ടീം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 66ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സായിക്ക് മികച്ച നേട്ടം. പതിനെട്ടുപേർ പങ്കെടുത്ത ടീമിൽ നിന്നും 14 മെഡലുകൾ നേടിയാണ് കോഴിക്കോട് സായി മേളയിൽ തങ്ങളുടെ കരുത്ത് തെളിയിച്ചത്. വിവിധ വിഭാഗങ്ങളിലായി അഞ്ച് സ്വർണം, ആറ് വെള്ളി, മൂന്ന് വെങ്കലം എന്നിവ സായി കോഴിക്കോട് സ്വന്തമാക്കി. സ്ഥിരമായി പരിശീലകൻ ഇല്ലാത്തതിനാൽ കഴിഞ്ഞ മേളകളിൽ തിളങ്ങാൻ കഴിയാതിരുന്ന സായി ടീം പുതിയ പരിശീലകൻ എൻ. രഘുവിന്റെ കീഴിലാണ് നേട്ടംകൊയ്തത്.

20 വയസിൽ താഴയുള്ളവരുടെ വിഭാഗം ഹൈജംപിൽ അഫ്നാൻ മുഹമ്മദ് സ്വർണം നേടി. 18 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഡെക്കാത്തലണിൽ ആദിത്യകൃഷ്ണ, 400 മീറ്റർ ഓട്ടം, 1000 മീറ്റർ മെഡ്ലേ റിലേ എന്നിവയിൽ ആദിൽ, 1000 മീറ്റർ മെഡ്ലേ റിലേയിൽ ആഘോഷ് എന്നിവർ സ്വർണം നേടി.

4x100 മീറ്ററിൽ 20 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ അർജുൻ, 18 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 3000 മീറ്ററിൽ വിഗ്നേഷ്, 400മീറ്ററിൽ ആഘോഷ്, 2000 മീറ്റർ സ്റ്റീപ്പൽ ചേസിൽ വിനായക്, 16 വയസിൽ താഴെ ഷോട്ട്പുട്ടിൽ ക്രിസ്റ്റി, 100 മീറ്ററിൽ അമൽ എന്നിവർ വെള്ളി നേടി. 18 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഹൈജംപിൽ ആകാശ്, ഷോട്ട്പുട്ടിൽ ഡോൺ ബിജു, 400 മീറ്ററിൽ ആദിൽ എന്നിവർ വെങ്കലം നേടി.