പേരാമ്പ്ര : ആർ.എസ്.എസ് -സി.പി.എം സംഘർഷമുണ്ടായ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കന്നാട്ടി, പാലേരി പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കാനും അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഗ്രാമപഞ്ചായത്തിൽ ചേർന്ന സർവകക്ഷി സമാധാന യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസം സർവകക്ഷി സമാധാന യോഗം ചേർന്നെങ്കിലും ബിജെപി, ആർ. എസ്.എസ് പ്രതിനിധികൾ യോഗത്തിൽ ഇല്ലാതിരുന്നതിനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ വീണ്ടും യോഗം വിളിച്ചു ചേർക്കുകയായിരുന്നു.
പൊലീസ് കൃത്യമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഘർഷം നടന്ന വടക്കുമ്പാട് കന്നാട്ടി വാർഡുകളിൽ പ്രാദേശിക സർവകക്ഷി സമാധാന യോഗങ്ങൾ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വടക്കുമ്പാട് ഹയർ സെക്കൻഡറിയിൽ ചേരാൻ തീരുമാനമായി. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങ ശക്തമാക്കാനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.സജീവ് കുമാർ , സി.പി.എം ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മദ്, ബി.ജെ.പി ജില്ലാ സെക്രട്ടറി എം. മോഹനൻ, യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ പ്രകാശൻ കന്നാട്ടി, എം.വിശ്വനാഥൻ, കെ.എം. വൈശാഖ്, ഒ.ടി.രാജൻ, ശ്രീനി മനത്താനത്ത്, പി.സി.സതീഷ്, ടി.ടി.കുഞ്ഞമ്മദ്, കെ.പി.അബ്ദുറഹ്മാൻ, ടി.കെ.കെ.മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായ അംഗം ഇ.ടി.സരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയാട്ട് ബഷീർ സ്വാഗതവും എൻ.പി. സത്യവതി നന്ദിയും പറഞ്ഞു.