tathwa
'തത്വ '22' ന്റെ ഭാഗമായി നടന്ന പ്രദർശനത്തിൽനിന്ന്.

കോഴിക്കോട്: എൻ.ഐ.ടിയിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്‌നിക്കൽ ഫെസ്റ്റുകളിൽ ഒന്നായ 'തത്വ '22' സമാപിച്ചു. വിവിധ പ്രഭാഷണങ്ങൾ, ഇവന്റുകൾ, മത്സരങ്ങൾ, പ്രോഷോകൾ എന്നിവയ്ക്ക് ആയിരക്കണക്കിന് കാണികൾ സാക്ഷ്യം വഹിച്ചു.
ക്രിപ്‌റ്റോകറൻസി, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളിലെ ശിൽപ്പശാലകളിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ടീമുകൾ പങ്കെടുത്തു. തത്വയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ജീക്ക്‌സ്‌ഫോർജീക്ക്‌സ് സ്ഥാപകനും സി.ഇ.ഒയുമായ സന്ദീപ് ജെയിൻ നടത്തിയ ഇന്റർവ്യൂ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള പ്രഭാഷണത്തോടെ സമാപിച്ചു. റോബോവാർ ഫൈനൽ, 'ആക്‌സിലറോ ബോട്ട്ക്‌സ്', കോഡിംഗ് മത്സരങ്ങളായ 'ഷെൽ സീജ്','ഡീബഗ്ഗർ' തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സ്റ്റാളുകളിൽ കാണികൾക്കായി വിവിധ ആയുധങ്ങൾ പ്രദർശിപ്പിച്ചു. വെർച്വൽ റിയാലിറ്റി, റോബോട്ടിക്‌സ് എന്നിവയെക്കുറിച്ചുള്ള ഒന്നിലധികം പ്രദർശനങ്ങളും ഉണ്ടായിരുന്നു.

സർക്യൂട്ട് ബ്രാഞ്ചുകൾ സംഘടിപ്പിച്ച 'ഇറേസർ', 'സർക്യൂട്ട് റേസ്' എന്നിവയുടെ ഫൈനൽ മത്സരങ്ങളുമുണ്ടായി. മേജർ ചന്ദ്രകാന്ത് നായർ ക്വിസ് മത്സരം നയിച്ചു. ബോളിവുഡ് ഗായിക ശ്രേയ ഘോഷൽ കാണികളെ സംഗീതലഹരിയിലാക്കി . തുടർന്ന് ഇന്ത്യൻ ഡി.ജെ ഷാന്റെ പ്രകടനത്തോടെ തത്വ 2022 സമാപിച്ചു.