football
ഫുട്‌ബോൾ ടൂർണമെന്റ്

കോഴിക്കോട് : സംസ്ഥാന യുവജനക്ഷേമ ബോർഡ്, കോഴിക്കോട് ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സമാപനം ഉദ്ഘാടനം ചെയ്തു. പുതുതലമുറയുടെ ഊർജവും ആരോഗ്യവും ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ ഫുട്‌ബോൾ മത്സരങ്ങൾക്ക് വലിയ ഇടപെടൽ നടത്താൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സമ്മാനദാനവും മന്ത്രി നിർവഹിച്ചു. അഡ്വ.കെ.എം.സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി. വാകയാട് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ മൂന്ന് ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ മെട്രോ അക്കാഡമി നടുവണ്ണൂർ എതിരില്ലാത്ത രണ്ട് ഗോളിന് എഫ്.സി ഉമ്മരത്തൂരിനെ തോൽപ്പിച്ചു. മൂന്നാം സ്ഥാനം ഗോൾഡൻ ബോയ്‌സ് വാകയാട് സ്വന്തമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമിന് 25,000 രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സംസ്ഥാന സെവൻസ് ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിനുളള അവസരവും ഇവർക്ക് ലഭിച്ചു. രണ്ടൂം മൂന്നും സ്ഥാനക്കാർക്ക് 15,000, 10000 രൂപ വീതം സമ്മാനത്തുക ലഭിച്ചു. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു മത്സരം.