കോഴിക്കോട്: രണ്ടുദിവസം പ്രായമായ കുഞ്ഞിന് താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. 'ഡയഫ്രമാറ്റിക് ഹെർണിയ' എന്ന അവസ്ഥയോടെ ജനിച്ച കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് എൻ.ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചിനെയും വയറിനെയും വേർതിരിച്ചു നിർത്തുന്ന ഡയഫ്രത്തിൽ ഉണ്ടാകുന്ന ദ്വാരത്തിലൂടെ ചെറുകുടലും കരളും ശ്വാസകോശ ഭാഗത്തേക്ക് കയറി വരുന്ന അവസ്ഥയാണ് ഡയഫ്രമാറ്റിക് ഹെർണിയ. സീനിയർ കൺസൽട്ടന്റ് പീഡിയാട്രിക് സർജൻ ഡോ.രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ ദ്വാരമടച്ച് ആന്തരികാവയവങ്ങൾ പൂർവസ്ഥിതിയിലാക്കി. ഡോ.ഷബീർ എം.പി (നിയോനേറ്റലോളജി), ഡോ. അസർ മുബാറക്, ഡോ. ജവാദ് ഇബ്ൻ മുഹമ്മദ്, ഡോ.അപർണ പ്രേമരാജൻ (അനസ്‌തേഷ്യ, ക്രിട്ടിക്കൽ കെയർ വിഭാഗം), ഓപ്പറേഷൻ തിയറ്റർ വിഭാഗം, റേഡിയോളജി എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. സർജറിക്കുശേഷം കുഞ്ഞ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.