missing
missing

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച നരബലിയുടെ പശ്ചാത്തലത്തിൽ മിസ്സിംഗ് കേസുകളിൽ ഊർജിത അന്വേഷണം. കോഴിക്കോട് ജില്ലയിൽ സെപ്തംബർ വരെയുള്ള കണക്കുകളിൽ 14പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ. ഇതിൽ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഏഴ് പുരുഷൻമാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. വിവിധ സ്‌റ്റേഷനുകളിൽ നിന്നായി കിട്ടിയ കണക്കുപ്രകാരം ഇവരെക്കുറിച്ചുള്ള വിവരങ്ങൾ തേടിവരികയാണെന്ന് എ.സി.പി ടി.പി.രഞ്ജിത്ത്.
ജില്ലയിൽ ഇതുവരെ 290 മിസ്സിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൊത്തം 313 പേരെ കാണാതായി. ഇതിൽ 299 പേരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. 14 പേരുടെ വിവരങ്ങളാണില്ലാത്തത്. അതേസമയം, നരബലിയുടെ പശ്ചാത്തലത്തിൽ സ്റ്റേറ്റിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നെങ്കിലും സംശയാസ്പദമായ രീതിയിലുള്ള മിസ്സിംഗ് കേസുകൾ ജില്ലയിൽ ഉണ്ടായിട്ടില്ലെന്ന് ക്രൈംറെക്കോർഡ്സ് ബ്യൂറോ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ഓരോ വർഷവും കാണാതാവുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാവുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു വർഷത്തിൽ പതിനായിരത്തിലധികം മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സമീപ വർഷങ്ങളിൽ ഏറ്റവും കൂടുതൽ മിസ്സിംഗ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് 2019ലാണ്. 12,802 മിസ്സിംഗ് കേസുകൾ. അതേസമയം, കാണാതായവരെ കണ്ടെത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണ് കേരളാ പൊലീസെന്നാണ് അധികൃതരുടെ വാദം.

കാണാതാവുന്ന കേസുകളിലെ അന്വേഷണം കാര്യക്ഷമം

മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ സ്റ്റേഷൻ എസ്.എച്ച്.ഒ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണം. 15 ദിവസങ്ങൾക്ക് ശേഷവും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ ജില്ലകളിലും ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള ഡിസ്ട്രിക് മിസ്സിംഗ് പേഴ്‌സൺസ് ട്രേയ്‌സിംഗ് യൂണിറ്റ് അന്വേഷണം ഏറ്റെടുക്കുന്നതാണ് രീതി. കാണാതായവർ കുട്ടികളോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ അവിവാഹിതരോ ആണെങ്കിൽ അതീവ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രാധാന്യം തന്നെയാണ് മിസ്സിംഗ് കേസുകളിലും ഉറപ്പാക്കുന്നതെന്നും പൊലീസ് പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയും കുടുംബങ്ങളിലെ പ്രശ്‌നങ്ങളും ആളുകളെ കാണാതാവുന്നതിന് പിറകിലുണ്ടെന്ന് പൊലീസ് പറയുന്നു. പ്രണയത്തെ തുടർന്ന് ഒളിച്ചോടുന്നവരും കാണാതായ കേസുകളുടെ പരിധിയിൽ വരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം കേസുകളിൽ തുടക്കത്തിൽ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുമെങ്കിലും കണ്ടുകിട്ടിയാൽ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് പൊലീസിന് പരാതിയുണ്ട്. അങ്ങനെ വരുമ്പോഴാണ് ചില കണക്കുകൾ നീണ്ടുപോകുന്നത്. പുതുതലമുറ മയക്കുമരുന്ന് ലഹരിയിലേക്കാഴ്ന്നതോടെ ആൺകുട്ടികളെ കാണാതാവുന്ന കേസുകൾ കൂടിയിട്ടുണ്ട്.