shelodge
shelodge

കോഴിക്കോട്: ഉദ്ഘാടനം നടത്തിയിട്ട് മാസങ്ങളായിട്ടും പ്രവർത്തനം ആരംഭിക്കാൻ സാധിക്കാത്ത ഷീ ലോഡ്ജിന്റെയും മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെയും നടത്തിപ്പിനായുള്ള ലേല നടപടികൾക്ക് തുടക്കംകുറിച്ചു. ഇതിനായി കഴിഞ്ഞ കോർപ്പറേഷൻ കൗൺസിൽ യോഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ഷീ ലോഡ്ജിന് പത്തുലക്ഷം രൂപയും വർക്കിംഗ് വിമൻസ് ഹോസ്റ്റലിന് അഞ്ചുലക്ഷം രൂപയുമാണ് മുഖവില നിശ്ചയിച്ചത്. നേരത്തെ കുടുംബശ്രീ ഗ്രൂപ്പുകളെ ഏൽപ്പിക്കാനായിരുന്നു ആലോചിച്ചതെങ്കിലും ഇപ്പോൾ പൊതുലേലം നടത്താനാണ് തീരുമാനം. ലേല നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഇരു സ്ഥാപനങ്ങളുടെയും പ്രവർത്തനം ഉടൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോർപ്പറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി.രാജൻ പറഞ്ഞു.

നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും ജോലി ചെയ്യുന്നവർക്കും ഏറെ ആശ്വാസമാകുന്ന മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റലും റെയിൽവേ സ്റ്റേഷനിലെ ഷീ ലോഡ്ജും ജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.

നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷീ ലോഡ്ജ് 2020ൽ ഉദ്ഘാടനം ചെയ്തത്. മൂന്ന് നിലകളിലായി 125 പേർക്ക് താമസിക്കാവുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകൽപ്പന. 4.7 കോടി രൂപ ചെലവിട്ടാണ് നിർമാണം. 21മുറികളും ആറ് ഡോർമെറ്ററികളുമാണുള്ളത്. അടുക്കള, ഡൈനിംഗ് ഹാൾ, ടോയ്‌ലെറ്റ് ബ്ലോക്ക് സർവീസ് മുറി, ലൈബ്രറി മെഡിറ്റേഷൻ റൂം, പാർക്കിംഗ്, ലിഫ്റ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസം വരെയാണ് താമസം അനുവദിക്കുക.

കോർപ്പറേഷൻ അഭിമാനപദ്ധതിയായി ആരംഭിക്കുകയും ഒന്നരപതിറ്റാണ്ടോളം നിർമാണം മുടങ്ങുകയും ചെയ്ത മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ കഴിഞ്ഞ മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്. 75 ലധികം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഇരുനിലകളിലും ഡബിൾ, സിംഗിൾ റൂമുകൾ, ഡോർമെറ്ററി, വലിയ കിടപ്പുമുറികൾ, ഗസ്റ്റ് റൂം, റീഡിംഗ് റൂം, അടുക്കള, ഡൈനിംഗ് റൂം എന്നിവയും ഒരുക്കിട്ടുണ്ട്. നാല് കോടിയാണ് നിർമാണ ചെലവ്.