ttttttttt

കോഴിക്കോട് : ഗൾഫിലെ പണമിടപാടുമായി ബന്ധപ്പെട്ട് താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹർ (33) അറസ്റ്റിലായി. കരിപ്പൂർ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് റൂറൽ എസ്.പി ആർ.കറപ്പസ്വാമിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

22ന് രാത്രി മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് താമരശ്ശേരി മുക്കം റോഡിൽ വെഴ്പ്പൂരിൽ വച്ച് മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ സുമോ കാറും മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിരുന്നു. കൊടിയത്തൂർ സ്വദേശി അലി ഉബൈറാന്റെ തിരിച്ചറിയൽ രേഖ വച്ചായിരുന്നു സുമോ കാർ വാടകയ്ക്കെടുത്തത്. ഇയാൾ കരിപ്പൂർ സ്വർണക്കവർച്ച കേസിലെ പ്രതിയാണെന്ന് മനസിലാക്കിയ പൊലീസ് വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതിൽ മലപ്പുറം ജില്ലയിലെ സ്വർണക്കടത്തു സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് വ്യക്തമായി.

താമരശ്ശേരി സ്വദേശിയും മലപ്പുറം ജില്ലയിലെ സ്വർണക്കടത്ത് സംഘവും തമ്മിലുള്ള പണമിടപാടിൽ മലപ്പുറം കാവനൂർ സ്വദേശിയുടെ കേരളത്തിലേക്ക് കടത്താനുള്ള സ്വർണം ഗൾഫിൽ തടഞ്ഞുവച്ചത് വിട്ടുകിട്ടാനാണ് താമരശ്ശേരി സ്വദേശിയുടെ സഹോദരീ ഭർത്താവിനെ തട്ടിക്കൊണ്ടു പോയത്.
സംഭവത്തിൽ ഉൾപ്പെട്ട ആറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ മുഹമ്മദ് അഷ്‌റഫിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായ ജൗഹറിന്റെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി.
താമരശ്ശേരി ഇൻസ്‌പെക്ടർ ടി.എ.അഗസ്റ്റിൻ, സ്‌പെഷ്യൽ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, സുരേഷ്.വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ്.ഐമാരായ ശ്രീജിത്ത്.വി.എസ്, സത്യൻ.കെ, എ.എസ്.ഐ ശ്രീജിത്ത്.എസ്.ഡി, സി.പി.ഒമാരായ ഷമീർ.കെ, ജിലു സെബാസ്റ്റ്യൻ, മുഹമ്മദ് റാസിക്ക് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.