
കോഴിക്കോട്: പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. ചേളന്നൂർ സ്വദേശി അനുരാജിനെയാണ് (52) കസബ പൊലീസ് ഇസ്‌പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
2021 സെപ്തംബർ 20ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലി, ലിങ്ക് റോഡിലുള്ള സ്വർണ ഉരുക്ക് ശാലയിൽ നിന്ന് മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന 1.200 കിലോഗ്രാം സ്വർണം നാലു ബൈക്കിലെത്തിയ എട്ടു പേർ ചേർന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർന്നെടുക്കുകയായിരുന്നു.
കവർച്ച സമയത്ത് ഇവർക്ക് വേണ്ട സിം കാർഡുകൾ നൽകി സഹായിച്ച മൂട്ടോളി സ്വദേശി ലത്തീഷിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളിലേക്ക് എത്തിയത്.
കർണാടകയിലെ രഹസ്യതാവളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു കവർച്ചയുടെ മുഖ്യ സൂത്രധാരനായ അനുരാജ്. മൂന്നാറിന് സമീപത്തെ ശാന്തൻ പാറയിൽ അനുരാജിനോട് രൂപസാദൃശ്യമുള്ള ഒരാൾ കുറച്ചു നാളുകളായി താമസമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ എസ്.അഭിലാഷിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്‌ക്വാഡ് മൂന്നാറിലെത്തി നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.