കോഴിക്കോട്: കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ കൈമാറ്റ കരാർ പുനപരിശോധിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതോടെ ഒരിടവേളയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സി ടെർമിനൽ വീണ്ടും രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വേദിയാവുകയാണ്.
കരാർ പുനപരിശോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനം. നവംബർ ഒമ്പതിന് രാവിലെ പത്തിന് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ടെർമിനലിന് മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സദസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബസ് ടെർമിനലിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നടത്താൻ ആലിഫ് ബിൽഡേഴ്‌സിന് കരാർ നൽകിയത് പുനപരിശോധിക്കണമെന്നും കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്ത് കൊണ്ടുവരണമെന്നുമാണ് ആവശ്യം.
@ ബലപ്പെടുത്തലും വൈകും
ഗുരുതരമായ ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ട് ഒരു വർഷമായിട്ടും കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ബലപ്പെടുത്തുന്ന നടപടികൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല. കെട്ടിടത്തിൽ പരിശോധന നടത്തിയ മദ്രാസ് ഐ.ഐ.ടി സംഘം മണ്ണ് പരിശോധന കൂടി നടത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. പരിശോധന പൂർത്തിയായാൽ മാത്രമേ ബലപ്പെടുത്തൽ എങ്ങനെ വേണമെന്നും എത്ര തുക ചെലവ് വരുമെന്നും വ്യക്തമാവുകയുള്ളൂ.
അടിയന്തരമായി ബലപ്പെടുത്തൽ പൂർത്തിയാക്കാതെ ബസ് സ്റ്റാൻഡ് പ്രവർത്തിക്കരുതെന്ന ഐ.ഐ.ടി നിർദ്ദേശം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഐ.ഐ.ടി റിപ്പോർട്ടിൽ 90 ശതമാനം തൂണുകളുടെ നിർമ്മാണത്തിലും അപാകത കണ്ടെത്തിയിരുന്നു. കെട്ടിടം ബലപ്പെടുത്താൻ 30 കോടി രൂപ ചെലവ് വരുമെന്നായിരുന്നു ഐ.ഐ.ടി നൽകിയ സൂചന.
2009ലാണ് കോഴിക്കോട്ട് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം ആരംഭിക്കുന്നത്. 2015 വരെ നിർമ്മാണം നീണ്ടപ്പോൾ ചെലവ് 54 കോടിയിൽ നിന്ന് 74.64 കോടിയായി.