 
കോഴിക്കോട്: പതയുന്ന പുതുലഹരിക്കെതിരെ ബോധവത്കരണവുമായി കേരളകൗമുദി 'ബോധപൗർണമി ' സെമിനാർ. കുന്ദമംഗലം ലയൺസ് ഇന്റർനാഷണലുമായി സഹകരിച്ച് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിൽ നടത്തിയ ബോധവത്കരണ സെമിനാർ കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സമൂഹം കൂട്ടമായി ഇറങ്ങിയാലെ ലഹരിയെ പടിക്ക് പുറത്താക്കാനാവൂവെന്ന് അബു എബ്രഹാം പറഞ്ഞു. കേവലം ബോധവത്കരണ പരിപാടികളും സർക്കാർ നടപടികളും കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാനാവില്ല. നിരന്തര ഇടപെടലുകൾ വേണം. സമൂഹം ഒന്നാകെ വിഷയത്തിന്റെ ഗൗരവം മനസിലാക്കി ലഹരിയെ തള്ളിക്കളയണം. നിയമം വഴി അടിച്ചമർത്തലൊന്നും ശാശ്വത പരിഹാരമല്ല. ഒരു വശത്ത് അടിച്ചമർത്തിയാൽ മറുവശത്ത് മുളച്ച് പൊന്തുന്നതാണ് പുതുലഹരി. ലഹരി ഉപയോഗത്തിനും ലഹരി വസ്തുക്കൾക്കുമെതിരെ സമൂഹം ഒന്നടങ്കം ഉണരുന്നിടത്താണ് വിജയമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജ് ക്യാമ്പസ് സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ഡോ.എൻ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ റിസോഴ്‌സ് പേഴ്‌സൺ കെ.പ്രസാദ് ബോധവത്കരണ ക്ലാസെടുത്തു. എഴുത്തും വായനയും സ്‌പോർട്‌സും സംഗീതവുമൊക്കെയാവണം നമ്മുടെ ലഹരി, മറിച്ച് ലഹരി പദാർത്ഥങ്ങളാവരുതെന്നും പ്രസാദ് പറഞ്ഞു. കുന്ദമംഗലം ലയൺസ് ഇന്റർനാഷണൽ പ്രസിഡന്റ് വി.പി.അശോകൻ, അദ്ധ്യാപിക ട്രീസ കെനി ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാർ സ്വാഗതവും ലയൺസ് ക്ലബ് സെക്രട്ടറി അനന്ദു സുഗുണൻ നന്ദിയും പറഞ്ഞു.