കോഴിക്കോട്: മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ ചുറ്റുമതിൽ നിർമ്മാണം ഡിസംബർ 31 നകം പൂർത്തീകരിക്കും. ഇത് സംബന്ധിച്ച് കരാറുകാരനും പി.ഡബ്ല്യൂ.ഡി കെട്ടിടവിഭാഗത്തിനും നിർദേശം നൽകി. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ വികസനവുമായി ബന്ധപ്പെട്ട് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് തീരുമാനമായത്. ഹോസ്പിറ്റലിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തികൾ കാലതാമസം കൂടാതെ പൂർത്തിയാക്കും.
കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമർ, വാട്ടർ അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കൽ, കെട്ടിടങ്ങൾ നിർമ്മിക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള സോഷ്യൽ ഫോറസ്റ്ററി വില നിർണയിക്കൽ എന്നിവയിൽ തീരുമാനമായി. മെഡിക്കൽ കോളേജിന് മാസ്റ്റർപ്ലാൻ അംഗീകാരം കിട്ടുന്നതിന് ആരോഗ്യമന്ത്രി, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവരെ കാണുമെന്നും എം.എൽ.എ പറഞ്ഞു. യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ, ഹോസ്പിറ്റൽ സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവർ സംബന്ധിച്ചു.