sindhu

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുമാറി കുത്തിവെച്ചതിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. പനി ബാധിച്ച് ചികിത്സ തേടിയെത്തിയ തിരുവമ്പാടി ചവലപ്പറമ്പ് സ്വദേശി സിന്ധു (45) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ കൂടരഞ്ഞി ഹെൽത്ത് സെന്ററിൽ ചികിത്സയ്ക്കെത്തിയ യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രാവിലെ പതിനൊന്നോടെ മെഡിക്കൽ കോളേജിലെത്തിയ സിന്ധുവിന് ഡെങ്കിപ്പനിയുടെ ലക്ഷണം കണ്ടതിനാൽ പരിശോധനയ്ക്കുശേഷം വാർഡിലേക്ക് മാറ്റി.

വെെകിട്ട് കുത്തിവയ്പ്പ് എടുത്തതോടെ പനി കുറയുകയും വ്യാഴാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ രാവിലെ നഴ്സ് കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന്റെ പൾസ്റേറ്റ് താഴുകയും വായിൽ നിന്ന് നുരയും പതയും വന്ന് മിനിറ്റുകൾക്കുള്ളിൽ മരിക്കുകയുമായിരുന്നു. നഴ്സ് മരുന്ന് മാറി നൽകിയതാണ് സിന്ധുവിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് ഭർത്താവ് രഘുവിന്റെ ആരോപണം. ബന്ധുക്കൾ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. മക്കൾ: ദേവിക, രാഹുൽ. മരുമകൻ: അഖിൽ.

മരുന്നുമാറിയില്ലെന്ന് മെഡി.കോളേജ്

അതേസമയം മരുന്നുമാറി കുത്തിവെച്ചില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.മരുന്നിന്റെ പാർശ്വഫലമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി. ആരോഗ്യവകുപ്പിനും പരാതി നൽകും.