electricity
electricity

@ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കോർപ്പറേഷൻ

കോഴിക്കോട്: നഗരത്തിൽ പുതുതായി സ്ഥാപിച്ചതും മാറ്റിസ്ഥാപിച്ചതുമായ ഇലക്ട്രിക് പോസ്റ്റുകളിൽ നമ്പറിടാത്ത വിഷയത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി കോർപ്പറേഷൻ ചർച്ച നടത്തും. നികുതി അപ്പീൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ. നാസർ ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ശ്രദ്ധക്ഷണിച്ചിരുന്നു. കെ.എസ്.ഇ.ബിയോട് അടിയന്തര നടപടി ആവശ്യപ്പെടുമെന്നും യോഗം വിളിയ്ക്കുമെന്നും മേയർ ഡോ. ബീന ഫിലിപ്പ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ച യോഗം ചേരുകയെന്ന് പി.കെ. നാസർ പറഞ്ഞു.

പോസ്റ്റുകളിൽ നമ്പറിടാത്തത് ജനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി തടസപ്പെടുമ്പോഴും എന്തെങ്കിലും അപകടം ഉണ്ടാകുമ്പോഴും കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിക്കുമ്പോൾ പോസ്റ്റ് നമ്പറാണ് ആദ്യം ചോദിക്കുന്നത്. നമ്പർ ഇടാത്തതിനാൽ അത് പറഞ്ഞു കൊടുക്കാൻ വിളിക്കുന്ന ആളുകൾക്ക് സാധിക്കുന്നില്ല. അപകടവും മറ്റും ഉണ്ടാകുമ്പോൾ വൈദ്യുതി താത്കാലികമായി വിച്ഛേദിയ്ക്കാൻ വൈകുന്ന സാഹചര്യം വലിയ അപകടം ഉണ്ടാക്കും. നമ്പറിടൽ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന വിശദീകരണം.

# സെക്‌ഷനുകൾ മാറ്റുമ്പോൾ ജനങ്ങൾ അറിയണം

നിലവിൽ കെ.എസ്.ഇ.ബിയുടെ ഒരു സെക്‌ഷനിലുള്ള പ്രദേശങ്ങളെ മറ്റ് സെക്‌ഷന്റെ പരിധിയിലേക്ക് കൊണ്ടുവരുമ്പോൾ ജനങ്ങളെ കൃത്യമായി അറിയിക്കണമെന്നും പി.കെ. നാസർ ആവശ്യപ്പെട്ടു. സെക്‌ഷൻ മാറ്റം പലപ്പോഴും ജനപ്രതിനിധികൾ പോലും അറിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യവും യോഗത്തിൽ ഉന്നയിക്കും. കല്ലായി സെക്‌ഷന്റെ പരിധിയിലായിരുന്ന പ്രദേശങ്ങളെ അരീക്കാട് സെക്‌ഷനിലേക്ക് മാറ്റിയപ്പോൾ പ്രദേശവാസികൾ അറിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

# ഇനി ഇലക്ട്രിക് പോസ്റ്റുകൾക്ക് നമ്പറുകൾ വേണ്ടേ ?

നവീകരണത്തിന്റെ പാതയിലാണ് കെ.എസ്.ഇ.ബി. സേവനങ്ങളെ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി ജിയോ മാപ്പിംഗ് ആരംഭിച്ചിട്ടുണ്ട്. ഓരോ ഉപയോക്താവിന്റെയും ലൊക്കേഷൻ ഉദ്യോഗസ്ഥർക്ക് അറിയാനാവുന്ന തരത്തിലേക്ക് കെ.എസ്.ഇ.ബിയെ സ്മാർട്ടാക്കാനാണ് തീരുമാനം. വൈദ്യുതി തടസം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് അറിയാൻ സാധിക്കും. വൈദ്യുതി തടസം പൊതുവായതാണോ ഒറ്റപ്പെട്ടതാണോ എന്നും അറിയാനാകും.

പരാതികൾ നൽകാനായി ഉപയോക്താവ് പോസ്റ്റ് നമ്പർ ഓർത്തിരിക്കേണ്ട സാഹചര്യം ഉണ്ടാകില്ല. പക്ഷേ ഈ പദ്ധതി നടപ്പിലാവാൻ കുറഞ്ഞത് 2025 വരെ കാത്തിരിക്കണം. എങ്കിലും പോസ്റ്റുകൾക്ക് നമ്പറിടുന്നത് ഒഴിവാക്കില്ല.