tourist
അ​മേ​രി​ക്ക​ൻ​സം​ഘാംഗം ശുചീകരണ തൊഴിലാളിക്കൊപ്പം

കോഴിക്കോട്: രണ്ടു ദിവസത്തിന് കോഴിക്കോട് കാണാൻ വന്നവരാണവർ. ഇന്ത്യയിൽ ആദ്യം പരദേശി കാലുകുത്തിയ കോഴിക്കോടിന്റെ ചരിത്ര പ്രാധാന്യം അറിഞ്ഞുകൊണ്ടുതന്നെ. 15പേരടങ്ങുന്ന അമേരിക്കൻസംഘം. എല്ലാവരും 50 പിന്നിട്ടവർ. ആവേശപൂർവം ബീച്ചിലേക്കിറങ്ങിയപ്പോൾ ചുറ്റും മാലിന്യങ്ങൾ. ചപ്പുചവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, തിരയടിച്ചുകയറ്റിയ മാംസാവശിഷ്ടങ്ങൾ... വിശാലവും മനോഹരവുമായ ബീച്ച് ഇത്രമാത്രം മാലിന്യം നിറഞ്ഞുകിടക്കുന്നത് അവരിൽ വേദനയുണ്ടാക്കി. അവരൊരു തീരുമാനമെടുത്തു, നാളെ പുലർച്ചെ നമുക്ക് പറ്റാവുന്നിടത്തോളം ഈ ബീച്ച് വൃത്തിയാക്കണം. വ്യാഴാഴ്ച വൈകിട്ട് അങ്ങനെയാണവർ മടങ്ങിയത്.

ഇന്നലെ പുലർച്ചെ ഗ്ലൗസുകളും മറ്റുമായി സംഘം ബീച്ചിലെത്തിയപ്പോൾ ആ കാഴ്ച അവർക്കും സന്തോഷമായി. പലവഴികളിൽ നിന്നായി വിവരം പുറത്തുപോയതുകൊണ്ടാണോ എന്നറിയില്ല കേർപ്പറേഷന്റെ കീഴിലെ ഹരിതകർമസേനാംഗങ്ങൾ രാവിലെ മുതൽ സ്വയം സന്നദ്ധരായി ശുചീകരണം നടത്തുന്നുണ്ടായിരുന്നു. അമേരിക്കൻസംഘം അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. തങ്ങളുടെ പേരൊന്നും വാർത്തകളിൽ വന്നേക്കരുതെന്ന് പ്രത്യേകം നിർദ്ദേശിച്ച സംഘത്തലവൻ പക്ഷെ ഇത്രമാത്രം കൂട്ടിച്ചേർത്തു...'വിശാലമായ ബീച്ചാണ് കോഴിക്കോട്ടേത്. ഇത് വൃത്തിയിലും വെടിപ്പിലും സൂക്ഷിക്കണം. ഞങ്ങളന്വേഷിച്ചപ്പോൾ രാവിലെ ശുചീകരിക്കുന്നുണ്ടെന്നാണ് വിവരം. പക്ഷെ പുലർച്ചെ മാത്രം ശുചീകരണം നടത്തിയതുകൊണ്ട് കാര്യമില്ല. വൈകുന്നേരങ്ങളിലാണ് ജനം ബീച്ചിലേക്ക് ഒഴുകുന്നത്. അതുകൊണ്ടുതന്നെ മുഴുവൻ സമയവും ശുചീകരണത്തിന് ആളുകൾ വേണം. എല്ലായിടത്തും കിട്ടുന്നതല്ല ഇതുപോലൊരു ബീച്ച്. അതൊരു സമ്പത്താണ്. സംരക്ഷിക്കണം, സൂക്ഷിക്കണം. അപ്പോഴത് വിനോദം മാത്രമാവില്ല സർക്കിരിന് വരുമാനം കൂടിയാവും...'
റോഡ് കോളർ ഗ്രൂപ്പിന് കീഴിലാണ് 15 അംഗ അമേരിക്കൻസംഘം ഇന്ത്യയിലെത്തിയത്. ഡൽഹി, ജയ്‌പൂർ, ആഗ്ര, ബാംഗ്ളൂർ, മൈസൂർ, വയനാട് സന്ദർശനത്തിനുശേഷമാണ് സംഘം കോഴിക്കോട്ടെത്തിയത്. അഞ്ച് ഓട്ടോകളിലായി തളി, കുറ്റിച്ചിറ, പോർച്ചുഗീസ്‌പള്ളി, മിഠായിത്തെരുവ്, ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ച സംഘം ഇന്ന് ആലപ്പുഴയിൽ കായൽ സവാരിക്കായി പോകും. അവിടെനിന്ന് കൊച്ചി കൂടി സന്ദർശിച്ചാണ് മടക്കമെന്ന് ടൂർ ഗൈഡ് കൂടിയായ ഷഡ് വിൽഖാൻ പറഞ്ഞു.