usha

കോഴിക്കോട്: മുൻ മന്ത്രിയും എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന അന്തരിച്ച എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗമാണ്. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം.

ചാലപ്പുറത്തെ വീട്ടിലെ പൊതുദർശനത്തിനു ശേഷം രാത്രി എട്ടോടെ കല്പറ്റയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് മൂന്നിന് പുളിയാർമലയിലെ വീട്ടുവളപ്പിൽ.
മഹാരാഷ്ട്രയിൽ ബെൽഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷാദേവി 1958 ലാണ് വീരേന്ദ്രകുമാറിന്റെ ജീവിത സഖിയായത്. പതിനാലാം വയസിൽ വിവാഹ നിശ്ചയവും പതിനെട്ടാം വയസിൽ വിവാഹവും നടന്നു. ലോകം മുഴുവൻ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം ഉഷ ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി വീരേന്ദ്രകുമാർ പടർന്നു പന്തലിച്ചപ്പോൾ അതിന്റെ വേരായിരുന്നു ഉഷ.
മക്കൾ: എം.വി.ശ്രേയാംസ് കുമാർ (മാനേജിംഗ് ഡയറക്ടർ മാതൃഭൂമി), എം.വി.ആശ, എം.വി.നിഷ, എം.വി.ജയലക്ഷ്മി. മരുമക്കൾ: കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (ബംഗളൂരു), എം.ഡി.ചന്ദ്രനാഥ്.