നാദാപുരം: തൂണേരി ചേറ്റുവട്ടി - കോടഞ്ചേരി റോഡ് തകർന്ന് യാത്ര ദുരിതമായി. തകർന്നു തരിപ്പണമായ റോഡ് ഗതാഗതയോഗ്യമാക്കാൻ ഇപ്പോൾ ആരുമില്ലാത്ത അവസ്ഥയാണ്. രണ്ടു വർഷം മുൻപാണ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ നിയമസഭാ ഇലക്ഷന് മുമ്പ് ഇ.കെ. വിജയൻ എം.എൽ.എ. ആണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. അതിനു ശേഷം ചില പ്രാരംഭ ജോലികൾ ചെയ്തതല്ലാതെ റോഡ് നവീകരണ പ്രവൃത്തി ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇതിനിടയിൽ കനത്ത മഴയിൽ റോഡിലെ ബാക്കിയുള്ള ഭാഗങ്ങൾ കൂടി തകർന്ന് വാഹന ഗതാഗതം തീർത്തും ദുഷ്കരമായ അവസ്ഥയാണ്. ചെറിയ വാഹനങ്ങൾ തെന്നി വീണ് അപകടത്തിൽ പെടുന്നതും പതിവായി. രണ്ടര കോടി രൂപ ചെലവിൽ റോഡ് നവീകരണ പ്രവൃത്തി നടത്താനാണ് കരാർ നൽകിയത്. എന്നാൽ കരാറുകാരൻ പ്രവൃത്തിയിൽ നിന്ന് പിന്മാറിയ സാഹചര്യമാണ്. തുണേരി, എടച്ചേരി, ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് എളുപ്പത്തിൽ നാദാപുരം ടൗണിൽ എത്തിച്ചേരാവുന്ന റോഡിനാണ് ഈ ദുർഗതി. വിദ്യാർത്ഥികൾ നാദാപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാനും രോഗികളെ ആശുപത്രിയിൽ എത്തിക്കാനും പ്രയാസപ്പെടുകയാണ്. എം.എൽ. എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തിരമായി ഇടപെട്ട് റോഡ് ഗതാഗത യോഗ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി തുണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. മണ്ഡലം കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് നേതാക്കളായ യു.കെ. വിനോദ് കുമാർ, പി.രാമചന്ദ്രൻ, അശോകൻ തുണേരി, ഫസൽ മാട്ടാൻ, സുരേന്ദ്രൻ കേളോത്ത്, ടി. പി. ജസീർ, വി. കെ. രജീഷ്, വി. എം. ബിജേഷ് എന്നിവർ പ്രസംഗിച്ചു. ചേറ്റുവട്ടി കോടഞ്ചേരി റോഡ് തകർന്ന നിലയിൽ