
കൂടരഞ്ഞി: കാർഷിക വിളകൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്നതിന് വനാതിർത്തിയിൽ സ്ഥാപിക്കുന്ന സൗരോർജ്ജ വേലിയുടെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കാടോത്തിക്കുന്നിൽ 9 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 3 കിലോമീറ്റർ വേലിയാണ് ഉദ്ഘാടനം ചെയ്തത്. ത്രിതല പഞ്ചായത്തുകൾ ചേർന്നാണ് വനവും കൃഷിഭൂമിയും വേർതിരിച്ച് വേലി നിർമ്മിക്കുന്നത്. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അതിർത്തി പ്രദേശങ്ങൾ മൊത്തം വിവിധ പദ്ധതികളിൽ ഉൾപെടുത്തി വരും വർഷങ്ങളിൽ വേലി നിർമ്മാണം പൂർത്തിയാക്കുമെന്ന് എം.എൽ.എ. പറഞ്ഞു. പ്രവർത്തനക്ഷമമായ വേലിയുടെ കാര്യക്ഷമത ഉറപ്പുവരുത്താൻ പ്രദേശവാസികളായ കർഷകർ നിശ്ചിത ഇടവേളകളിൽ മോണിറ്ററിംഗ് നടത്തണമെന്നും അടിക്കാടുകൾ വെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യതിഥി ആയി. പഞ്ചായത്ത് അംഗം എൽസമ്മ ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് തോമസ് മാവറ,റോസിലി, വി.എസ്. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു, ജറീന റോയ്, സീന ബിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.പ്രിയ മോഹൻ, കൃഷി ഓഫീസർ പി.എം. മൊഹമ്മദ് എന്നിവർ സംബന്ധിച്ചു.