കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ അഞ്ചുപേർ പിടിയിൽ. നല്ലളം സ്വദേശി നിഖിൽ നൈനാഫ് (22), എളേറ്റിൽ വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ് (26), മുഹമ്മദ് ഷാമിൽ (19), പുതിയപാലം സ്വദേശി ഷംസീർ (23)
ജാബിർ എന്നിവരാണ് പിടിയിലായത്. നാലുപേരെ ഞായറാഴ്ച രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രക്ഷപ്പെട്ട ജാബിറിനെ ഇന്നലെ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. മർദ്ദനമേറ്റ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന പ്രതി കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ (34) പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടിൽ നിന്ന് യുവാവിനെ അഞ്ചുപേർ തട്ടിക്കൊണ്ടുപോയത്. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരും യുവാവിന്റെ വീട്ടുകാരും മെഡിക്കൽ കോളേജ് പൊലീസിൽ വിവരം നൽകി. അർദ്ധരാത്രിയോടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം റോഡരികിലെ സിസി.ടി.വിയിൽ തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ യുവാവുമായി ആരാമ്പ്രത്തിനടുത്ത് ചക്കാലക്കൽ സ്കൂളിനു മുകളിലുള്ള കുന്നിലേക്ക് എത്തിച്ചതായി വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി കുന്നിൻപ്രദേശം വളഞ്ഞ് സംഘത്തെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു.
പ്രദേശത്തെ ഒരു പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി ഇർഷാദുൽ ഹാരിസ് പീഡിപ്പിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ പുതിയറ സ്വദേശികളായ പെൺകുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ ചോദ്യം ചെയ്തുവരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.