insulin
ഇൻസുലിൻ

@ വിദ്യാലയങ്ങളിൽ പരിചരിക്കാനാളില്ല

@ 'മിഠായി ' പദ്ധതിയും അവതാളത്തിൽ

ടെെപ്പ് വൺ പ്രമേഹ

ബാധിതർ 80

കോഴിക്കോട്: 'മിഠായി' പദ്ധതി ഉൾപ്പെടെ പ്രമേഹ ബാധിതരായ കുട്ടികൾക്ക് സർക്കാർ നടപ്പാക്കിയ പദ്ധതികൾ പാളിയത് തിരിച്ചടിയാവുന്നു. വിദ്യാലയങ്ങളിൽ പരിചരിക്കാൻ ആളില്ലാത്തതിന്റെ ആശങ്കയിലാണ് രക്ഷിതാക്കൾ. കുഞ്ഞുങ്ങൾക്ക് ദിവസവും അഞ്ചും ആറും തവണ ഇൻസുലിൻ നൽകേണ്ടതിനാലും പത്തോളം തവണ ഷുഗർ പരിശോധിക്കേണ്ടത് കൊണ്ടും ജോലി ഉപേക്ഷിച്ച് രാവിലെ മുതൽ വെെകീട്ട് വരെ സ്കൂളിൽ കഴിയേണ്ട സ്ഥിതിയിലാണ് പല രക്ഷിതാക്കളും.

ജില്ലയിൽ 80 കുട്ടികൾ ടെെപ്പ് വൺ പ്രമേഹം ബാധിതരാണ്. ഗ്ലൂക്കോസ് അളവിലുള്ള വ്യത്യാസം കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന സി.ജി.എം മെഷീൻ ( കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റം) വാങ്ങാൻ കഴിയാത്ത കുടുംബങ്ങളാണ് ഇവരിൽ പലരും. ഒരാഴ്ചത്തേക്ക് 3500 രൂപ ചെലവാകും. മാസത്തിൽ നാലെണ്ണമെങ്കിലും ഇത്തരത്തിൽ വേണ്ടിവരും. ചിലപ്പോൾ അഞ്ചുമാകാം. ഗ്ലൂക്കോസിന്റെ അളവ് കൂടിയാൽ ഇൻസുലിൻ പമ്പ് ചെയ്യുന്ന ഓട്ടോമാറ്റിക് പമ്പിംഗ് മെഷീന് 6 ലക്ഷം രൂപയാണ് വില. ഇത്രയും വലിയ തുക മുടക്കാൻ കഴിയാത്തതിനാൽ ഷുഗർ ഡിക്റ്ററ്റിംഗ് സ്ട്രിപ്പാണ് പലരും ആശ്രയിക്കുന്നത്. മുതിർന്നവരിൽ കാണുന്ന ടൈപ്പ് 2 പ്രമേഹത്തേക്കാൾ സങ്കീർണമായതിനാൽ ദിവസവും ഇൻസുലിൻ നൽകേണ്ട സ്ഥിതിയാണ്.

@ 'മിഠായി'യും പാളി

സാമൂഹ്യനീതി വകുപ്പ്, വനിത-ശിശു വികസന വകുപ്പുകളുടെ സകരണത്തോടെ ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ നൽകുന്ന മിഠായി പദ്ധതിയും കാര്യക്ഷമമല്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പ്രമേഹം ബാധിച്ച 18 വയസ് വരെയുള്ള കുട്ടികൾക്ക് ഇൻസുലിൻ പരിചരണം, തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്റർ എന്നീ ആധുനിക ചികിത്സയും കൗൺസലിംഗ്, മാതാപിതാക്കൾക്കുള്ള പരിശീലനം മറ്റു സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ എന്നിവ നൽകുമെന്ന് പറയുമ്പോഴും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. ഇൻസുലിൻ സ്ട്രിപ്പ് മാസത്തിൽ 300 എണ്ണം വേണമെന്നിരിക്കെ 2 മാസം കൂടുമ്പോൾ 100 എണ്ണം മാത്രമാണ് ലഭിക്കുന്നത്. മാത്രമല്ല ഗ്ലൂക്കോസ് മോണിറ്ററും ലഭ്യമല്ല.

സ്കൂളുകളിൽ ഇത്തരം കുഞ്ഞുങ്ങളെ പരിചരിക്കാൻ പരിശീലനം ലഭിച്ച നഴ്സിനെ നിയമിക്കണമെന്നും അദ്ധ്യാപകർക്ക് പരിശീലനം നൽകണമെന്നും ആവശ്യപ്പെട്ട് ടെെപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസെെറ്റിയും രക്ഷിതാക്കളും ആരോഗ്യമന്ത്രിയ്ക്കും സാമൂഹ്യ നീതി മന്ത്രിയ്ക്കും പരാതി നൽകിയിരിക്കുകയാണ്.

''സ്കൂളുകളിൽ ഇത്തരം കുട്ടികളെ പരിചരിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം നൽകണം. അവർക്കിടയിൽ അസുഖത്തെക്കുറിച്ച് വ്യക്തമായ ബോധവത്കരണം നൽകുകയും മിഠായി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുകം വേണം'- വിജേഷ്, പ്രസിഡന്റ്, ടെെപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസെെറ്റി.