
കോഴിക്കോട്: നിർമാണസാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നിർമാണമേഖലയിലെ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത സെക്രട്ടറിയേറ്റ് മാർച്ച് നവംബർ ഒൻപതിന് നടക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും എം.എൽ.എമാരും സാംസ്കാരിക നേതാക്കളും ധർണയിൽ പങ്കെടുക്കും.
നിർമാണ സാമഗ്രികളുടെ വിലക്കയറ്റം കാരണം സ്വകാര്യ- സർക്കാർ കരാറുകാരും വ്യാപാരികളും ഒരുപോലെ പ്രതിസന്ധിയിലാണ്. കോവിഡ് കാലഘട്ടത്തിനുശേഷം തുടർച്ചയായ വിലവർദ്ധനവാണ് ഉത്പ്പാദന കമ്പനികൾ നടത്തിക്കൊണ്ടിരിക്കുന്നത്. ശരാശരി രണ്ടു കോടിയിലധികം ബാഗ് സിമന്റ് വിറ്റഴിക്കുന്ന കേരളത്തിൽ ഒരു മാസത്തിനിടെ 60 രൂപയിലധികം രൂപയാണ് ഒരു ബാഗ് സിമന്റിന് വർദ്ധിച്ചത് . ഏക പൊതുമേഖലാ സിമന്റ് ഉത്പ്പാദന കമ്പനിയായ മലബാർ സിമന്റ് വിപണിയുടെ വെറും നാല് ശതമാനമാണ് നിലവിൽ വിറ്റഴിക്കപ്പെടുന്നത്. 96 ശതമാനവും സ്വകാര്യകമ്പനികൾ നിയന്ത്രിക്കുന്നു.
നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ടി.എം.ടി സ്റ്റീലുകൾക്ക് ഒരു വർഷത്തിനിടെ 25 രൂപയിലധികം വർദ്ധനവുണ്ടായി. ക്രഷർ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനത്തിലധികവും, പെയിന്റ് ഉൾപ്പെടെയുള്ള മറ്റ് നിർമാണ ഉത്പ്പന്നങ്ങളുടെയും വിലയും ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതും സർക്കാർ കണ്ട മട്ടില്ല. സെക്രട്ടറിയേറ്റ് മാർച്ചിനുശേഷവും വിഷയം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ സംസ്ഥാനത്തെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് പോകുമെന്നും നേതാക്കൾ അറിയിച്ചു.
(കേരള സിമന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുൻ പ്രസിഡന്റുമായ സുബൈർ കൊളക്കാടൻ, കോൺഫെഡറേഷൻ ഓഫ് കൺസ്ട്രക്ഷൻ ഇൻഡസ്ട്രി കൺവീനർ സിറാജുദ്ദീൻ ഇല്ലതൊടി, സി മാക്ക് വൈസ് പ്രസിഡന്റ് അഡ്വ. ഫസൽ ഹഖ്, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ, കേരള കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ, ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു