കോഴിക്കോട്: ഭായ് മാരുടെ മക്കൾക്ക് മലയാളം പഠിക്കാൻ ഇനി 'മീഠി മലയാളം'. ജില്ലയിലെ സർവശിക്ഷ കേരളയ്ക്ക് കീഴിൽ അർബൻ റിസോഴ്സ് സെന്റർ( യു.ആർ.സി) ആവിഷ്കരിച്ച മലയാള പഠനപോഷണ പരിപാടിയാണ് മീഠി മലയാളം'. ഇതരസംസ്ഥാന കുട്ടികൾക്ക് പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളിലെ ഭാഷാ പരിമിതി മറികടക്കാനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ജില്ലയിലെ സൗത്ത് യു.ആർ.സി പരിധിയിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസുമുതൽ ഏഴാം ക്ലാസുവരെ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് മലയാളം പഠിപ്പിക്കുന്നത്. ഇവർക്ക് മലയാള ഭാഷ കേട്ട് മനസിലാക്കി പ്രവർത്തിക്കാനുള്ള സ്വാഭാവിക അവസരങ്ങൾ ഒരുക്കുക,ചിരപരിചിതമായ കഥകൾ കോഡ് മിക്സിംഗ് രീതിയിലൂടെ കേൾക്കാനുള്ള അവസരം ഒരുക്കുക,
വ്യത്യസ്ത സന്ദർഭങ്ങൾ മുൻനിർത്തി സംഭാഷണങ്ങൾ പറയുന്നതിനും എഴുതുന്നതിനുമുള്ള അവസരം ഉണ്ടാക്കുക, കഥ, കവിത, നാടകം തുടങ്ങിയവ തയ്യാറാക്കുന്നതിനുള്ള അവസരം ഒരുക്കുക, കേൾക്കാനും പറയാനും വായിക്കാനും എഴുതാനുമുള്ള സന്ദർഭങ്ങൾ ഒരുക്കികൊണ്ട് ഭാഷാപഠനത്തിലെ സമഗ വികസനം ഉറപ്പുവരുത്തുക എന്നിവയാണ് നടപ്പിലാക്കുന്നത്.
പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂളുകൾ അനുസരിച്ച് ഇത്തരം വിദ്യാർത്ഥികളെ മാറ്റിയിരുത്തിയാണ് ക്ലാസുകൾ നടക്കുക. ആദ്യ രണ്ട് ദിവസം 10 മണിക്കൂർ തുടർച്ചയായ പഠനവും തുടർന്ന് ദിവസവും വൈകിട്ട് ഒരു മണിക്കൂർ വീതം 30 ദിവസം എന്ന ക്രമത്തിലുമാണ് പഠനസമയം ക്രമീകരിച്ചിരിക്കുന്നത്.
പുതിയറ ബി.എം.യു.പി സ്കൂളിൽ പദ്ധതി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ അദ്ധ്യക്ഷത വഹിച്ചു. യു.ആർ.സി സൗത്ത് ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ വി.പ്രവീൺകുമാർ സ്വാഗതം പറഞ്ഞു.