
മേപ്പാടി: തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി വരികയായിരുന്ന നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. തമിഴ്നാട് അതിർത്തിയിലെ ചോലാടി ചെക്‌പോസ്റ്റിന് അടുത്തുവച്ചാണ് മേപ്പാടി പൊലീസ് കഞ്ചാവ് പിടികൂടിയത്. കണ്ണൂർ കാമ്പല്ലൂർ വെള്ളിലംകുന്നിൽ അജിത്ത് വി സത്യൻ (25), ചൂരൽമല മൂലവളപ്പിൽ അജിത്ത് (29), കമ്പളക്കാട് മേമാടൻ ജിഷാസുൽ റസ്ലൻ (25) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് മേപ്പാടി എസ്.ഐ വി.പി സിറാജും സംഘവും നടത്തിയ പരിശോധനയിലാണ് കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച. KL 27 B 9767 കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ എൻ.ഡി. പി.എസ് നിയമ പ്രകാരം കേസെടുത്തു. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വില്പന നടത്താനായി തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണ് കഞ്ചാവ് എന്ന് പൊലീസ് സംശയിക്കുന്നു. കഞ്ചാവ് കടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ചേരമ്പാടി മുതൽ വാഹനത്തെ പിന്തുടരുകയായിരുന്നു. ചോലാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് കേരളത്തിലേക്ക് കടന്നശേഷമാണ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ആദ്യം പ്രതികൾ കുറ്റം നിഷേധിച്ചെങ്കിലും വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് ബോണറ്റിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.