 
കോഴിക്കോട്: ഗതാഗത നിയമലംഘനത്തിന്റെ പേരുപറഞ്ഞ് പി.എസ്.സി പരീക്ഷ എഴുതാൻ പോയ യുവാവിനെ തടഞ്ഞുവെച്ച് അവസരം നഷ്ടപ്പെടുത്തിയ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ മനുഷ്യാവകാശ കമ്മിഷൻ വിളിച്ചു വരുത്തും. നവംബർ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ നേരിട്ട് ഹാജരാകാനാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നോട്ടീസ് നൽകിയത്. 
ഫറോക്ക് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്കാണ് കമ്മിഷൻ നോട്ടീസയച്ചത്. 
ഉത്തരവാദിയായ ഉദ്യോഗസ്ഥനെ എ.സി.പി സിറ്റിംഗിൽ ഹാജരാക്കണം. രാമനാട്ടുകര മുട്ടുംകുന്ന് സ്വദേശി ടി.കെ.അരുണിനാണ് സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി കാരണം പരീക്ഷയെഴുതാൻ അവസരം നഷ്ടമായത്. പരാതിയെക്കുറിച്ച്  ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.