കോട്ടയം : ദിനംപ്രതി വിവിധ ജില്ലകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ എത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുൻവശത്തെ ബസ് സ്റ്റാൻഡ് ശോച്യാവസ്ഥയിൽ. സ്വകാര്യബസുകളും, കെ.എസ്.ആർ.ടി.സി, ദീർഘദൂര ബസുകളടക്കം കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. 40 വർഷം പഴക്കമുണ്ട് കെട്ടിടത്തിന്. ആസ്ബറ്റോസ് ഷീറ്റിട്ട കെട്ടിടത്തിന് മുകൾ വശത്ത് പുല്ലുവളർന്ന് മൂടിയ നിലയിലും കൂടാതെ, സമീപത്തെ തണൽവൃക്ഷങ്ങളുടെ ശിഖരങ്ങൾ അപകട ഭീഷണിയുയർത്തി കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞും നിൽക്കുന്ന സ്ഥിതിയാണ്.
ബസ് സ്റ്റാൻഡ് കെട്ടിടത്തിനുള്ളിൽ യാത്രക്കാർക്ക് ഇരിക്കുന്നതിനുള്ള മതിയായ സൗകര്യം ഇല്ല. സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ കച്ചവടക്കാർ സാധനങ്ങൾ ഇറക്കി വെച്ചാണ് കച്ചവടം നടത്തുന്നത്. ഇത് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിന് കെട്ടിടത്തിന്റെ രണ്ട് വശത്തായി രണ്ട് ഇരിപ്പിടങ്ങൾ ഉണ്ടെങ്കിലും സാമൂഹ്യവിരുദ്ധരും ഭിക്ഷാടകരും കൈയ്യേറിയതിനാൽ യാത്രക്കാർ ബസ് വരുന്നത് വരെ നിൽക്കേണ്ട സ്ഥിതിയാണ്. രോഗികൾ വരെ ദുരിതം അനുഭവിക്കുന്നു. കെ.എസ്.ആർ.ടി.സി സ്‌റ്റേഷൻ മാസ്റ്റർ കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ശങ്ക തീർക്കാൻ ഇടമില്ല
സ്റ്റാൻഡിലെ വ്യാപാരികൾക്കും ബസ് ജീവനക്കാർക്കും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനായി ടോയ്‌ലെറ്റ് സൗകര്യവും ഇവിടെയില്ല. മുൻപുണ്ടായിരുന്ന ടോയ്‌ലെറ്റ് കെട്ടിടം പൊളിച്ചു നീക്കിയതിനുശേഷം പുതിയത് സ്ഥാപിച്ചിട്ടില്ല. സ്റ്റാൻഡിനുള്ളിൽ കോൺക്രീറ്റ് പാകിയ ഇടങ്ങൾ പൊട്ടിപ്പൊളിഞ്ഞും കല്ലുകൾ നിറഞ്ഞ നിലയിലുമാണ്. സ്റ്റാൻഡിന് പരിസരത്തായി മാലിന്യങ്ങളും കൂട്ടിയിട്ട നിലയിലാണ്.
ഇവരെ പേടിച്ചാരും ഇവിടെ നിൽക്കില്ല
സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടേയും, മദ്യപസംഘത്തിന്റെയും വിഹാരകേന്ദ്രമായതോടെ യാത്രക്കാർ ഭീതിയിൽ. കൂടാതെ, വിദ്യാർത്ഥികളും സ്ത്രീകളും സ്റ്റാൻഡിന് പുറത്ത് ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. യാത്രക്കാർക്കായി സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളും ഇവർ കൈക്കലാക്കി. പകൽസമയങ്ങളിൽ പരസ്യമായി മദ്യപാനം നടത്തി ഇരിപ്പിടങ്ങളിൽ കിടന്നുറങ്ങുകയാണിവർ. രാത്രി മദ്യലഹരി വിട്ടശേഷം ചിലർ മടങ്ങും.