taxi

കോട്ടയം: മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റ് ബസുകളുടെ പിന്നാലെ പായുമ്പോൾ സ്വകാര്യ വാഹനങ്ങൾ ടാക്‌സി ആയി ഓടുന്നതിനും അനധികൃതമായി റെന്റ് എ കാർ നൽകുന്നതിനുമെതിരെ നടപടിയുണ്ടാവുന്നില്ല. ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പെർമിറ്റുള്ള ടാക്‌സികളേക്കാൾ കൂടുതൽ സ്വകാര്യ കാറുകൾ വാടക കുറച്ച് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി സർവീസ് നടത്തുകയാണ്. ഇത്തരം 'കള്ളടാക്‌സി' സർവീസ് പലയിടത്തും പെർമിറ്റ് ടാക്‌സി ജീവനക്കാർ കണ്ടെത്തി പരാതിപ്പെടുന്നുണ്ടെങ്കിലും പ്രയോജനമില്ല.

ഹോട്ടലുകൾക്കും മറ്റും താത്ക്കാലികമായി ഉടമസ്ഥത കൈമാറിയതായി രേഖയുണ്ടാക്കിയാണ് പല സ്വകാര്യവാഹനങ്ങളും വാടകയ്ക്ക് ഓടുന്നത്. അത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് പരിമിതിയുണ്ട്. ഗതാഗത മന്ത്രിയെ പെർമിറ്റ് ടാക്സിക്കാർ ഇക്കാര്യം നേരിട്ടും ബോദ്ധ്യപ്പെടുത്തിയിട്ടും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനോട് പരിശോധന കർശനമാക്കാൻ നിർദേശിച്ചതല്ലാതെ കാര്യമായ നടപടിയുണ്ടായില്ല.

സ്വകാര്യ വാഹനങ്ങൾ നമ്പർ പ്ലേറ്റിൽ മഞ്ഞ ബോർഡിൽ കറുത്ത അക്കങ്ങളുള്ള ടാക്‌സി നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും സർവീസ് നടത്തുന്നു. ദിവസം ആയിരം രൂപ വരെ വാങ്ങിയാണ് കാർ വാടകയ്ക്ക് നൽകുന്നത്.

നിയമത്തിലെ പഴുത്.

സ്വകാര്യ കാറുകളും 7 സീറ്റ് വാഹനങ്ങളും സ്വകാര്യ സ്ഥാപനങ്ങൾക്ക് വിൽപന നടത്തിയതായി രജിസ്റ്റർ ചെയ്യാം. 45 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറിയാൽ മതി. ഈ നിയമത്തിന്റെ പഴുതിലാണ് വാഹനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ എന്നിവയ്ക്കായി മാസവാടകയ്ക്ക് നൽകി സർവീസ് നടത്തുന്നത്.

റെന്റ് എ കാറിനെപ്പറ്റിയും അറിയണം.

നമ്പർ പ്ളേറ്റ് കറുത്ത ബോർഡിൽ മഞ്ഞ നിറത്തിൽ.

സ്ഥാപനത്തിന് ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണം.

കള്ളടാക്സി പിടിച്ചാൽ.

പിഴ 15,000 രൂപ.

15 ദിവസം കസ്റ്റഡി.