കോട്ടയം : വാട്ടർഅതോറിറ്റിയുടെ വെള്ളം എത്താത്തത് മൂലം ജില്ലയിൽ വിവിധയിടങ്ങളിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ. പടിഞ്ഞാറൻ മേഖല, സംക്രാന്തി അടക്കം പലയിടത്തും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. ഒരാഴ്ചയിലധികമായി പലയിടത്തും പൈപ്പുലൈൻ വഴിയുള്ള വെള്ളം വിതരണം മുടങ്ങിയിട്ട്. പൈപ്പ് വെള്ളം നിലച്ചതോടെ പലരും കിണറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ പലയിടത്തും കിണറുകളിലും വെള്ളം വറ്റിത്തുടങ്ങിയ സ്ഥിതിയാണ്. കൂടാതെ, സ്വന്തമായി കിണറുകൾ ഇല്ലാത്തവരുമുണ്ട്. സ്വന്തമായി കിണറുകൾ ഇല്ലാത്തവർ സമീപത്തെ വീടുകളിലെ കിണറുകളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. പ്രാഥമിക ആവശ്യത്തിനുളള വെള്ളം കണ്ടെത്താൻ മറ്റ് മാർഗ്ഗങ്ങൾ തേടേണ്ട സ്ഥിതിയാണ്. മേഖലയിൽ നഗരസഭയുടെ കുടിവെള്ള വിതരണ ടാങ്കറുകൾ എത്താത്തതും പ്രദേശവാസികളെ ദുരിത്തിലാക്കുന്നു.
നഗരസഭയുടെ കുടിവെള്ള വിതരണ വാഹനം ഓടിക്കാൻ ഡ്രൈവർ ഇല്ലാത്തതാണ് വെള്ളം വിതരണത്തിന് തടസമായി നിൽക്കുന്നത്. കുടിവെള്ള വിതരണക്കാരിൽനിന്നും ഉയർന്ന വിലകൊടുത്ത് വെള്ളം വാങ്ങേണ്ട സ്ഥിതിയാണ്. 700 ലിറ്റർ വെള്ളത്തിന് 350 രൂപയും 4000 ലിറ്റർ വെള്ളത്തിന് 1000 രൂപയുമാണ് ഈടാക്കുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളം പ്രാഥമിക ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്.
പദ്ധതികൾ പലതുണ്ട് തുള്ളി വെള്ളമില്ല
ജലവിതരണ പദ്ധതികൾ പലതുണ്ടെങ്കിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിലെ നിവാസികൾക്ക് മറ്റ് മാർഗം ഇല്ലാത്തിനാൽ, ശുദ്ധീകരിക്കാത്ത വെള്ളം വാങ്ങാൻ നിർബന്ധിതരാകുകയാണ്. കുടിവെള്ളം എടുക്കുന്ന കിണർ, ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയശേഷം മാത്രമേ അനുമതി നൽകൂ. നഗരസഭയുടെ 33 ാം വാർഡായ ചെട്ടിക്കുന്ന് ഭാഗത്തും ജലവിതരണം മുടങ്ങാറുണ്ട്. മേഖലയിൽ 200 ലധികം കുടുംബങ്ങളാണ് വാട്ടർ അതോറിറ്റിയുടെ വെള്ളം ആശ്രയിച്ച് കഴിയുന്നത്. ഒരാഴ്ചയായി ഇവിടെ പൈപ്പ് ലൈൻ വഴി വെള്ളം എത്തിയിരുന്നില്ല.