
കോട്ടയം. വിരിപ്പുകൃഷിയുടെ കൊയ്ത്ത് ആരംഭിക്കാനിരിക്കെ കൊയ്ത്തുമെതി യന്ത്രങ്ങളുടെ കൂലി വർദ്ധന കർഷകന് അധിക ചെലവായി. നവംബറിലാണ് ജില്ലയിൽ കൊയ്ത്ത് ആരംഭിക്കുന്നത്. കഴിഞ്ഞ തവണ മണിക്കൂറിന് 1800 രൂപയ്ക്കാണ് ഏജന്റുമാരുമായി കരാറിൽ ഏർപ്പെട്ടത്. എന്നാൽ, നെല്ല് കൊയ്യാറായപ്പോൾ തിരക്കു മൂലം യന്ത്രം യഥാസമയം കിട്ടാതെ വന്നു. ഇതോടെ കർഷകർ ദുരിതത്തിലായി. തമിഴ്‌നാട്ടിൽ നിന്നും മറ്റും 2400 രൂപ വരെ വാടക നൽകിയാണ് യന്ത്രം എത്തിച്ചത്. മെഷീനുകൾ കാലപ്പഴക്കം ചെന്നതായതുകൊണ്ട് കൂടുതൽ സമയമെടുക്കേണ്ടിയും വന്നു. ഇത് വലിയ പണനഷ്ടമാണ് കർഷകന് ഉണ്ടാക്കിയത്.
800 കിലോയിൽ താഴെ ഭാരമുള്ള കബോദ്ധ മെഷീൻ ആണ് പ്രയാേജനപ്രദം. ഇതിനു പകരം ഭാരക്കൂടുതലുള്ള ക്ലാസിക് മെഷീനാണ് നിലവിൽ എത്തിക്കുന്നത്. ഇടവിട്ടുള്ള മഴയെതുടർന്ന് കൊയ്യാറായ പാടശേഖരങ്ങളിൽ ഭാരക്കൂടുതലുള്ള മെഷീൻ ഇറക്കാൻ സാധിക്കാതെ വരാറുണ്ട്. കരപ്രദേശത്ത് ഭാരം പ്രശ്നമല്ല. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ ഇറക്കണമെങ്കിൽ ഭാരം കുറഞ്ഞ മെഷീൻ തന്നെ വേണമെന്നാണ് കർഷകർ പറയുന്നത്.
ജില്ലയിൽ മെഷീൻ എവിടെ നിന്നാണ് ലഭിക്കുന്നത്, ആരെ സമീപിക്കണം എന്നത് സംബന്ധിച്ച് കർഷകർക്കോ, പാടശേഖരസമിതിക്കോ കൃത്യമായ വിവരമില്ല. എല്ലാത്തിനും ഏജന്റുമാരാണ്. മെഷീൻ ഉള്ള ഏജന്റുമാരുടെ വിവരങ്ങൾ സർക്കാർ തലത്തിൽ പുറത്തുവിട്ടിട്ടുമില്ല. സാധാരണ
പാടശേഖര സമിതികൾ എജന്റുമാരുമായുള്ള ധാരണയിൽ യന്ത്രങ്ങൾ എത്തിക്കുകയാണ് ചെയ്യുന്നത്. നിലവിൽ 1900 രൂപയാണ് മണിക്കൂറിന് ഈടാക്കേണ്ട തുകയെന്നും
ബാക്കി വരുന്ന ചെലവ് പാടശേഖരസമിതികൾ വഹിക്കണമെന്നുമാണ് നിലവിലെ തീരുമാനമെന്ന് കൃഷി ഒാഫീസർ പറയുന്നു.
യന്ത്ര വാടക
മണിക്കൂറിന്
1900 രൂപ.
സർക്കാർ കണക്ക് ഇപ്രകാരം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളത് 30 മെഷീനുകൾ.
ഗവൺമെന്റ് അഗ്രി എൻജിനീയറുടെ പക്കലുള്ളത് 11 .
കേരള അഗ്രോ ഇൻഡസ്ട്രീസിന്റെ പക്കലുള്ളത് ആറ്.
സ്മാം പദ്ധതിയിൽപെടുത്തി കൃഷിക്കാരുടെ പക്കൽ 13 .
കൂടുതൽ കൊയ്ത്ത് നടക്കുന്ന നവംബറിൽ വേണ്ടത് 99 .
ഗവൺമെന്റിൽ നിന്നൊഴികെ വേണ്ടി വരുന്നത് 69 .
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറയുന്നു.
പാടശേഖരങ്ങളിൽ നെല്ല് കൊയ്യാൻ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കൈവശമുള്ള അഗ്രോ ഇൻഡസ്ട്രീസിന്റെ മെഷീനുകൾ ഇറക്കണം. മെഷീൻ സപ്ളൈ ചെയ്യുന്ന ഏജന്റുമാരുടെ വിവരങ്ങളും കൃഷിഭവനുകളിൽ ലഭ്യമാക്കണം.