
കോട്ടയം. വിൽപ്പനക്കായി കാറിൽ സൂക്ഷിച്ചിരുന്ന 15 ലിറ്റർ മദ്യവുമായി ആർപ്പുക്കര നെടുംമ്പറമ്പിൽ എൻ.കെ.നിഷാദിനെ (42) ഏറ്റുമാനൂർ എക്സൈസ് സംഘം ഇന്നലെ രാവിലെ തൊണ്ണംകുഴി ഭാഗത്തുനിന്ന് പിടികൂടി. രണ്ടു ദിവസം മദ്യനിരോധനമായതിനാൽ ചില്ലറ വില്പനക്കായി വണ്ടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ടി.സജിതിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർമാരായ വി.ആർ.രാജേഷ്, രഞ്ജിത് കെ.നമ്പ്യാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.രജനീഷ്, കെ.കെ പ്രജീഷ്, ഷിബു ജോസഫ്, രാഹുൽ നാരായണൻ, സി.എം വിനോദ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.