shyamdas

വൈക്കം. സാധാരണക്കാർക്കായി തീർത്ഥാടന, വിനോദ യാത്രകൾ കുറഞ്ഞ ബഡ്ജ​റ്റിലൊരുക്കി വൈക്കം കെ.എസ്.ആർ.ടി.സി.ഡിപ്പോ. ഒന്നര മാസത്തിനുള്ളിൽ എട്ടോളം പാക്കേജ് ട്രിപ്പുകളാണ് വൈക്കം ബഡ്ജ​റ്റ് ടൂറിസം സെൽ നടത്തിയത്. എല്ലാം വൻ സാമ്പത്തിക നേട്ടമായി. നാലമ്പല ദർശനത്തിനായി ആറ് യാത്രകൾ നടത്തി. ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, കായംകുളം താലൂക്കുകളിലെ വിവിധ ക്ഷേത്രങ്ങളെ കോർത്തിണക്കി പഞ്ചപാണ്ഡവ ക്ഷേത്രദർശന പാക്കേജും ഒരുക്കുകയാണിപ്പോൾ.
മൂന്നാർ പാക്കേജും കുട്ടികൾക്കായുള്ള സ്​റ്റുഡന്റ് സ്‌പെഷ്യൽ പാക്കേജും കാട്ടിൽമേക്കേതിൽ ക്ഷേത്രം ഉൾപ്പെടെയുള്ള നാല് ക്ഷേത്രങ്ങളെ കോർത്തിണക്കിയുള്ള പിൽഗ്രിം പാക്കേജുമടക്കം നിരവധിയായ യാത്രകൾ ഇവിടെ യാത്രാപ്രേമികളെ കാത്തിരിക്കുന്നുണ്ട്.

മഹാഭാരത കഥകളുറങ്ങുന്ന വഴികളിലൂടെയുള്ള യാത്രയാണ് പഞ്ചപാണ്ഡവ ക്ഷേത്രദർശന പാക്കേജ്. ഒപ്പം വള്ളസദ്യ രുചിക്കാം, ആറന്മുള കണ്ണാടി നിർമ്മാണം അടുത്തറിയാം. വ്യത്യസ്തങ്ങളായ ഏഴ് ക്ഷേത്രങ്ങളിലൂടെയാണ് യാത്ര കടന്നു പോവുക. നിശ്ചിത ദിവസം രാവിലെ 5.45 ന് വൈക്കത്തുനിന്ന് പുറപ്പെടും. ചെങ്ങന്നൂരിലെത്തി നാലു ക്ഷേത്രങ്ങൾ സന്ദർശിച്ച് ആറന്മുളയിലേക്ക്. അവിടെ പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം. ഉച്ചയ്ക്ക് വള്ളസദ്യക്ക് ശേഷം ആറന്മുള കണ്ണാടി നിർമ്മാണവും കവിയൂർ ഗുഹാക്ഷേത്ര, പാണ്ഡവർകാവ് ദർശനവും പൂർത്തിയാക്കി വൈക്കത്തേക്ക് മടങ്ങും. യാത്ര സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് നൽകും.

അന്വേഷണങ്ങൾക്ക് 99 95 987 321 .

(പി.ശ്യാംദാസ്, കോ ഓർഡിനേ​റ്റർ).