salosh

കോട്ടയം: ബൈക്ക് ടോറസിലിടിച്ച് ഇരട്ടസഹോദരങ്ങളിൽ ഒരാൾ മരിച്ചു. മാന്തുരുത്തി ചമ്പക്കര പള്ളിപ്പടി മാമ്പുഴക്കര വീട്ടിൽ സന്തോഷിന്റെ മകൻ സലോഷ് (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ സരീഷ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.45 ഓടെ വാഴൂർ റോഡിൽ നെത്തല്ലൂരായിരുന്നു അപകടം. വീട്ടിൽ നിന്നും കറുകച്ചാൽ ഭാഗത്തേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ എത്തിയ ടോറസ് ലോറിയിലിടിച്ച് മറിയുകയായിരുന്നു. സലോഷായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സലോഷിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രാധാമണി. മറ്റ് സഹോദരങ്ങൾ: സനോഷ്, സനീഷ്. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3.30ന് ചമ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.