marder

ചങ്ങനാശേരി. കഴി‌ഞ്ഞ ദിവസം രാത്രി മുത്തുകുമാർ താമസിക്കുന്ന വീട്ടിൽ പൊലീസെത്തി പരിശോധന നടത്തിപ്പോയപ്പോഴാണ് ഷെഡ്ഡിലെ തറയിൽ മൃതദേഹം കിടപ്പുണ്ടാകാമെന്ന സംശയം പറഞ്ഞത്. അതോടെ അയൽവാസികളായ മാലിത്തറയിൽ അജിതയ്ക്കും മാതാവ് ശ്രീമതിക്കും അത് ഉറക്കമില്ലാത്ത രാത്രിയായി.

എ.സി.കനാലിന്റെ കരയിൽ നിരനിരയായാണ് കോളനിവീടുകൾ. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഈ വീട് നാലു മാസം മുന്നേയാണ് മുത്തുകുമാർ വാടകയ്ക്ക് എടുത്തത്. ഭാര്യ വിദേശത്തായതിനാൽ മൂന്നുമക്കൾക്കൊപ്പമായിരുന്നു താമസം. സദാസമയവും ഇരുചെവിയിലും ഹെഡ് സെറ്റ് തിരുകി നടക്കുന്ന മുത്തുകുമാർ അയൽക്കാരുടെ മുഖത്ത് നോക്കുക പോലും ചെയ്യാറില്ലെന്ന് അജിത പറഞ്ഞു. '' കഴിഞ്ഞ ദിവസം രാത്രിയാണ് ആലപ്പുഴയിൽ നിന്ന് കുറേ പൊലീസുകാർ വന്നത്. മുത്തുകുമാറിന്റെ വീടിനകത്ത് കയറി ഷെഡിൽ മൃതദേഹമുണ്ടെന്ന സംശയം പറ‌ഞ്ഞു. പിന്നെ രണ്ട് പൊലീസുകാരെ കാവലും നിറുത്തി. രാത്രി പേടി കാരണം ഉറങ്ങിയിട്ടില്ല'' ഇരുവരും പറയുന്നു.

രണ്ടോ മൂന്നോ ദിവസം മുന്നേ മുത്തുകുമാർ വീട്ടിൽ വന്ന് മക്കളുമായി പോയിരുന്നു. ദൂരെയെവിടെയെങ്കിലും പണി കിട്ടിയതാവുമെന്നാണ് കരുതിയത്. മിക്ക ദിവസവും ഇവിടെ പലരും എത്താറുണ്ടായിരുന്നതായി മറ്റ് അയൽവാസികളും പറഞ്ഞു.