ഏഴാച്ചേരി: വിജയദശമിനാളിൽ പാരമ്പര്യ രീതിയിൽ മണലിലെഴുതാൻ ശിവഗിരി ശ്രീശാരദാ ദേവീസന്നിധിയിൽ നിന്നുള്ള പഞ്ചാരമണൽ ഇന്ന് ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയിൽ സമർപ്പിക്കും. തുമ്പയിൽ രാമകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് പവിത്രമായ മണൽ വെള്ളപ്പട്ടിൽ പൊതിഞ്ഞ് കാവിൻപുറം ക്ഷേത്രത്തിൽ എത്തിക്കുന്നത്. തുടർന്ന് 8.30ന് പഞ്ചാരമണൽതൂലികാ പൂജ സമർപ്പണം. കാവിൻപുറം ക്ഷേത്രം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായർ, ഏഴാച്ചേരി എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പി.ആർ പ്രകാശ് പെരികിനാനിൽ, കാവിൻപുറം ദേവസ്വം ഭാരവാഹികൾ എന്നിവർ ചേർന്ന് മണൽ ഏറ്റുവാങ്ങും. ഇതോടൊപ്പം തൂലികാപൂജയ്ക്കുള്ള പേനകളും രാമകൃഷ്ണൻ നായർ സമർപ്പിക്കും.

ക്ഷേത്രത്തിൽ സ്വരസ്വതീ മണ്ഡപത്തിൽ പൂജവെയ്പ്പ് ഇന്ന് വൈകിട്ട് 6ന് നടക്കും. ഇന്നു മുതൽ തൂലികാപൂജയും ആരംഭിക്കും. വിജയദശമി നാളിൽ രാവിലെ 7.30 മുതൽ വിദ്യാരംഭവും പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തും തൂലികാപൂജ പ്രസാദ വിതരണവും നടക്കും. കവി ആർ.കെ വള്ളിച്ചിറയാണ് ആചാര്യസ്ഥാനം വഹിക്കുന്നത്.