തിരുവാര്‍പ്പ് : തിരുവാര്‍പ്പ് പ‍ഞ്ചായത്തില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷൻ സബ്സിഡിക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ പ‍ഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നശിപ്പിച്ചു കളഞ്ഞതില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ തിരുവാര്‍പ്പ് ലോക്കല്‍ കമ്മറ്റി 6ന് പ‍ഞ്ചായത്ത് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. 9-ാം വാര്‍ഡിലെ ഒന്‍പതുപേരുടെ അപേക്ഷകളാണ് നശിപ്പിച്ചത്. കൊവിഡുകാലത്ത് ഇവരുടെ അപേക്ഷകള്‍ പഞ്ചായത്തംഗം നേരിട്ടാണ് പഞ്ചായത്ത് ഓഫീസില്‍ നല്‍കിയിരുന്നത്.സബ്സിഡി ലഭിക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്തംഗം സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തില്‍ അപേക്ഷകള്‍ ലഭിച്ചിട്ടില്ലായെന്ന വ്യാജമറുപടിയാണ് ലഭിച്ചത്. അപേക്ഷകളും രേഖകളും പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റന്‍ഷൻ ഓഫീസര്‍ കത്തിച്ചുകളഞ്ഞുവെന്ന് പഞ്ചായത്തംഗത്തോട് സമ്മതിക്കുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാവണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.