ഏഴാച്ചേരി: വിജയദശമി നാളിൽ പാരമ്പര്യ രീതിയിൽ മണലിലെഴുതാൻ ശിവഗിരി ശ്രീശാരദാ ദേവീ സന്നിധിയിൽ നിന്നെത്തിച്ച പഞ്ചാരമണൽ കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയിൽ സമർപ്പിച്ചു.

തുമ്പയിൽ രാമകൃഷ്ണൻ നായർ, കൊച്ചുമകൻ എസ്.അഭിനവ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പവിത്രമായ മണൽ വെള്ളപ്പട്ടിൽ പൊതിഞ്ഞ് കാവിൻപുറം ക്ഷേത്രത്തിൽ എത്തിച്ചത്. കാവിൻപുറം ക്ഷേത്രം മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് റ്റി.എൻ. സുകുമാരൻ നായർ, ഏഴാച്ചേരി എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികാനാലിൽ, കാവിൻപുറം ഭരണസമിതി അംഗം വിജയകുമാർ ചിറയ്ക്കൽ എന്നിവർ ചേർന്ന് മണൽ ഏറ്റുവാങ്ങി തിരുനടയിൽ സമർപ്പിച്ചു. ഇതോടൊപ്പം തൂലികാ പൂജയ്ക്കുള്ള പേനകളും രാമകൃഷ്ണൻ നായർ മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിക്ക് കൈമാറി.

ഇന്നലെ വൈകിട്ട് ക്ഷേത്രത്തിൽ സരസ്വതി മണ്ഡപത്തിൽ പൂജവെയ്പ്പ് നടന്നു. തൂലികാ പൂജയും ആരംഭിച്ചു. വിജയദശമിനാൾ വരെ രാവിലെ വിശേഷാൽ സരസ്വതിപൂജ നടക്കും. ബുധനാഴ്ച രാവിലെ 7.30 മുതൽ വിദ്യാരംഭവും പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തും തൂലികാപൂജ പ്രസാദ വിതരണവും നടക്കും. മധുരഫല മഹാനിവേദ്യ വിതരണവും അവൽപ്രസാദ വിതരണവുമുണ്ട്. കവി ആർ.കെ വള്ളിച്ചിറയാണ് ഇത്തവണ അക്ഷര ആചാര്യസ്ഥാനം വഹിക്കുന്നത്.